എൻഡോസൾഫാൻ സമരം കനത്ത പരാജയം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : എൻഡോസൾഫാൻ രോഗികളെ മുൻനിർത്തി സാമൂഹ്യ പ്രവർത്തക ദയാബായി സിക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചപ്പോൾ ഇൗ സമരം അത്ര കണ്ട് വിജയം വരിച്ചുവെന്ന് സമര സമിതിക്ക് അവകാശപ്പെടാൻ കഴിയില്ല. സംസ്ഥാന സർക്കാർ നൽകിയ 6 ഉറപ്പിന്മേലാണ് ദയാബായി സമരം അവസാനിപ്പിച്ചത്. ഇൗ ഉറപ്പുകൾ താഴെ കൊടുക്കുന്നത് ശ്രദ്ധിച്ച് വായിക്കുക:

കാസർകോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സയ്ക്ക് മുൻഗണന നൽകുമെന്നതാണ് ദയാബായിക്ക് സർക്കാർ നൽകിയ ഒരു ഉറപ്പ്. ഇൗ ഉറപ്പ് അത്ര വലിയ ഉറപ്പല്ല. കാരണം കാസർകോട് ജനറൽ ആശുപത്രിയിലും, ഇതര പിഎച്ച്സികളിലും എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഇപ്പോൾത്തന്നെ ചികിത്സ ലഭ്യമാകുന്നുണ്ട്.

ഇതിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് അടുത്തകാലത്തൊന്നും പൂർണ്ണ സജ്ജമാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. മറ്റൊരു ഉറപ്പ് : കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും, ചട്ടഞ്ചാലിലുള്ള ടാറ്റാ ആശുപത്രിയും പൂർണ്ണ സജ്ജമാകുമ്പോൾ ഇൗ ആശുപത്രികളിലും എൻഡോസൾഫാൻ രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന ലഭിക്കുമെന്നതാണ്.

ഒരു സാധാരണ രോഗിക്ക് പോലും സർക്കാർ ആതുരാലയത്തിൽ നൽകേണ്ട മുൻഗണന ചികിത്സ, ഭരണം കയ്യാളുന്ന സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്നിരിക്കെ രണ്ടാമത്തെ ഉറപ്പിലും പുതുമയൊന്നുമില്ല. മൂന്നാമത്തെ ഉറപ്പ് : ജില്ലയിൽ ന്യൂറോളജിസ്റ്റുമാരെ നിയമിച്ച് നൂറോളജി ചികിത്സാ സൗകര്യമൊരുക്കുമെന്നതാണ്. ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ന്യൂറോളജിസ്റ്റുമാരെ നിയമിച്ച് നേരത്തെ ആരോഗ്യവകുപ്പ് ഉത്തരവായിട്ടുണ്ടെന്നതിനാൽ ഇൗ ഉറപ്പ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതിന് തുല്യമാണ്.

നാലാമത്തെ ഉറപ്പ് : ജില്ലാ ആശുപത്രിയിൽ ”സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ” ന്യൂറോളജി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുമെന്നതാണ്. ജില്ലാ ആശുപത്രി ഇപ്പോൾത്തന്നെ വീർപ്പുമുട്ടുകയാണ്. ജില്ലാ ജയിലിന് പുതിയ ഭൂമി കണ്ടെത്തി ജയിൽ അങ്ങോട്ട് മാറ്റി ജില്ലാ ആശുപത്രി വികസിപ്പിക്കാൻ സ്ഥലം കണ്ടെത്തുമ്പോഴേയ്ക്കും എൻഡോസൾഫാൻ രോഗികൾ എത്രപേർ ജീവിച്ചിരിക്കുമെന്ന് കണ്ടുതന്നെ അറിയണമെന്നതിനാൽ, ഇൗ ഉറപ്പും അടുത്തകാലത്തൊന്നും നടക്കാത്ത ഉറപ്പാണ്.

എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള അപേക്ഷ രണ്ടുമാസത്തിനകം സമർപ്പിച്ചാൽ 5 മാസത്തിനകം രോഗികളെ കണ്ടെത്തി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ചികിത്സ നിർണ്ണയിക്കുമെന്നതാണ്. മറ്റൊരു ഉറപ്പ് : ഇൗ ഉറപ്പ് മാത്രമാണ് എൻഡോസൾഫാൻ രോഗികൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്.

സർക്കാർ നൽകിയ ഉറപ്പുകൾ പൊതുവെ ദയാബായിയുടെ നിരാഹാര സമരം അവസാനിപ്പിച്ച് ജനങ്ങളുടെ പ്രതിഷേധത്തിൽ നിന്ന്  സർക്കാരിന്  തലയൂരാനുള്ള ഉറപ്പുകൾ മാത്രമായി മാറിയിട്ടുണ്ട്. കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സമയ ബന്ധിതമായി ഇൗ സർക്കാരിന്റെ കാലത്തുതന്നെ അമ്പത് കിടക്കകളെങ്കിലുമുള്ള ഒരു എൻഡോസൾഫാൻ ബ്ലോക്ക് സ്ഥാപിക്കാനായിരുന്നു ദയാബായിയുടെ സമരം കൊണ്ട് സമര സമിതി നേടിയെടുക്കേണ്ടിയിരുന്നത്.

ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഇത്തരം പ്രത്യേക ബ്ലോക്കുകളും വിദഗ്ദ ഡോക്ടർമാരും അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ, അത് നിരാഹാര സമരത്തിന്റെ വിജയമായി കാണാമായിരുന്നു. ഇപ്പോൾ ദയാബായിക്ക് നൽകിയ ഉറപ്പുകളിൽ നിന്നെല്ലാം സർക്കാരിന് ഏതുസമയത്തും സൗകര്യപൂർവ്വം വ്യതിചലിക്കാൻ എളുപ്പമാണ്.

ദയാബായിയുടെ നിരാഹാര സമരത്തിന് മതിയായ വാർത്താ പ്രാധാന്യം ലഭിച്ചുവെന്നല്ലാതെ കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്ക് ഇൗ സമരം അത്ര വലിയ ഗുണം ചെയ്തതായി സമര സമിതിക്ക് അവകാശപ്പെടാൻ കഴിയില്ല. ദയാബായിയുടെ നിരാഹാര സമരത്തിൽ നിന്ന് തന്ത്രപൂർവ്വം രക്ഷപ്പെട്ട ആവേശത്തിലാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും.

LatestDaily

Read Previous

ഇലന്തൂർ നരബലി; പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ

Read Next

പ്രണയം നടിച്ച് യുവതിയുടെ 130 പവൻ തട്ടിയെടുത്തു