ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ തൃപ്തി പ്രകടിപ്പിച്ച ശശി തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. ബാലറ്റ് പേപ്പർ മുദ്ര വച്ചില്ലെന്നതുൾപ്പടെയുള്ള പരാതികൾ സമിതി തള്ളി. ശശി തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പി.സി.സികൾ വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് തരൂർ പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ടിട്ടും ഒടുവിൽ ബാലറ്റുകൾ മറ്റുള്ളവയുമായി കൂട്ടിക്കലർത്തി. പരാതിയിൽ തരൂരിന് മറുപടി നൽകിയെന്നാണ് തിരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ 7,897 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഔദ്യോഗിക സംവിധാനങ്ങൾ ഒന്നടങ്കം തനിക്കെതിരെ തിരിഞ്ഞെങ്കിലും, എതിരാളികളെ ഞെട്ടിച്ച് 1072 വോട്ടുകൾ നേടാൻ ശശി തരൂരിന് കഴിഞ്ഞു. പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിൽ തരംഗം സൃഷ്ടിക്കാൻ ശശി തരൂരിന് സാധിച്ചു. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിയമിക്കുമ്പോൾ ഉൾപ്പടെ തരൂരിനെ അവഗണിക്കാൻ നേതൃത്വത്തിന് കഴിയില്ല. ഔദ്യോഗിക സംവിധാനങ്ങളോട് പൊരുതിയാണ് ശശി തരൂർ അധ്യക്ഷ തിരഞ്ഞെടുപ്പിൽ 1000 വോട്ടുകൾ നേടിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തരൂരിന് 10 പേരുടെ പിന്തുണ പോലും ലഭിക്കില്ലെന്നായിരുന്നു പാർട്ടിയിലെ ശക്തരുടെ ആദ്യ വിലയിരുത്തൽ. പി.സി.സി പ്രസിഡന്റുമാർ ഖാർഗെയെ സ്വീകരിച്ചപ്പോൾ തരൂരിന് പലയിടത്തും 10 വോട്ടർമാരെ പോലും കാണാൻ കഴിഞ്ഞില്ല. വോട്ടർ പട്ടികയ്ക്കെതിരെ ശശി തരൂർ നൽകിയ പരാതികളും അവഗണിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി തരൂർ തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടുകൾ നേടിയ തരൂർ ദേശീയ തലത്തിൽ ഭാരവാഹിത്വത്തിൽ അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. പ്രവര്ത്തക സമിതി, വർക്കിംഗ് പ്രസിഡന്റ് സ്ഥാനങ്ങൾ തീരുമാനിക്കുമ്പോൾ പരിഗണിക്കുമെന്നാണ് തരൂർ പ്രതീക്ഷിക്കുന്നത്. തരൂരിന്റെ തുടർനീക്കങ്ങൾ എഐസിസിയും നിരീക്ഷിക്കുന്നുണ്ട്.