സി.കെ. ശ്രീധരൻ വക്കീൽ സിപിഎം പാളയത്തിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കോൺഗ്രസ് നേതാവ് സി.കെ. ശ്രീധരൻ വക്കീൽ സിപിഎം പാളയത്തിൽ. ഇന്ന് വൈകുന്നേരം  4 മണിക്ക് പുതിയകോട്ട നെഹ്റു  മൈതാനിയിലെ ഹെറിറ്റേജ് ടൗൺ സ്ക്വയറിൽ നടക്കുന്ന പുസ്തക പ്രസാധന- ആദര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കുന്നുവെന്നതാണ് ശ്രീധരൻ വക്കീലിന്റെ സിപിഎം രംഗപ്രവേശം ഉറപ്പാക്കിയത്.

എഴുപത്തിയഞ്ചു പിന്നിട്ട ശ്രീധരൻ വക്കീൽ കോൺഗ്രസ് പ്രസ്ഥാനത്തിലാണെങ്കിലും, ആദ്യ കാലത്ത് മന്ത്രിയായിരുന്ന നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണനൊപ്പം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു. പിന്നീട് കോൺഗ്രസ്സിലെത്തിയ ശ്രീധരൻ വക്കീൽ  കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കോൺഗ്രസിന്റെ സജീവ പ്രവർത്തകനും കെ.പിസിസി ആംഗവും , കാസർകോട് ഡിസിസി അധ്യക്ഷനുമായിരുന്നു.

ഇപ്പോൾ സിപിഎം പാളയത്തിൽ ഇടം പിടിക്കാനുള്ള ശ്രീധരൻ വക്കീലിന്റെ പ്രധാന ലക്ഷ്യം ഹൈക്കോടതിയിലുള്ള അഡ്വക്കറ്റ് ജനറൽ തസ്തികയാണ്. ഏ.കെ. ആന്റണിയുടെ കാലം തൊട്ട്  കെ. കരുണാകരനും, ഉമ്മൻചാണ്ടിയും, കേരളം ഭരിച്ചിരുന്നുവെങ്കിലും, ക്രിമിനൽ കേസ്സുകൾ നടത്തി വിജയിപ്പിക്കുന്നതിലും രാഷ്ട്രീയ രംഗത്തും കഴിവു തെളിയിച്ച ശ്രീധരൻ വക്കീലിന് അർഹമായ സ്ഥാനമാനങ്ങളൊന്നും ഹൈക്കോടതിയിലോ, കേരള സർക്കാറിലോ , മാറി മാറി വന്ന യുഡിഎഫ് സർക്കാരുകൾ നൽകിയിരുന്നില്ല.

ഇന്ന് നടക്കുന്ന ചടങ്ങ് ആദ്യം ശ്രീധരൻ വക്കീലെഴുതിയ പുസ്തക പ്രകാശനമായിരുന്നുവെങ്കിലും, പിന്നീടത് ശ്രീധരൻ വക്കീലിനുള്ള കാഞ്ഞങ്ങാടിന്റെ ആദരമായി മാറുകയായിരുന്നു. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനിൽ ശ്രീധരൻ വക്കീൽ ഉടൻ അംഗത്വമെടുക്കാനാണ് സാധ്യത.

തൽസമയം ശ്രീധരൻ വക്കീലിന്റെ രാഷ്ട്രീയ മാറ്റം പ്രത്യേകിച്ച് കാസർകോട് കണ്ണൂർ ജില്ലകളിലെ കോൺഗ്രസ് പാർട്ടി അണികളിൽ ചൂടുള്ള ചർച്ചയാണ്. ശ്രീധരൻ വക്കീൽ സിപിഎമ്മിന്റെ ലോയേഴ്സ് യൂണിയനിൽ അംഗത്വമെടുത്ത് കമ്മ്യൂണിസ്റ്റ് പാളത്തിലെത്തിയാലും, അദ്ദേഹത്തെ ഹൈക്കോടതിയിൽ സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ പദവിയിൽ നിയമിക്കുന്നതിന് സർക്കാറിന് ചില പ്രത്യേക നിയമ തടസ്സങ്ങൾ മുന്നിലെത്താനിടയുണ്ട്.

LatestDaily

Read Previous

ലോകകപ്പ് ഫുട്ബോൾ: 32 അംഗ ടീമിനെ പ്രഖ്യാപിച്ച് സൗദി

Read Next

രാജ്യത്ത് വാഹനത്തിന്റെ മലനീകരണത്തെ അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്തണമെന്ന് നിസാൻ ഇന്ത്യ