ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ചൈനീസ് മൈന എന്നറിയപ്പെടുന്ന വൈറ്റ്-ഷോൾഡേർഡ് സ്റ്റാർലിംഗിനെ തിരുവനന്തപുരത്ത് കണ്ടെത്തി. ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് വെള്ളായണി പുഞ്ചക്കരി പാടത്ത് നിന്ന് ചൈനീസ് മൈനയെ കണ്ടെത്തി ചിത്രം പകർത്തിയത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ തന്നെ ഇതാദ്യമായാണ് വൈറ്റ് ഷോൾഡേർഡ് സ്റ്റാർലിംഗിനെ കണ്ടെത്തുന്നതെന്ന് ബേർഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജെ പ്രവീൺ പറഞ്ഞു. ഇന്ത്യയ്ക്ക് സമീപം ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളത് മ്യാൻമറിലാണ്.
കരിന്തലച്ചിക്കാളി എന്നറിയപ്പെടുന്ന ബ്രാഹ്മണി സ്റ്റാർലിംഗ് കൂട്ടത്തിലാണ് ചൈനീസ് മൈനയും ഉണ്ടായിരുന്നത്. പുഞ്ചക്കരിയിൽ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പക്ഷി സാധാരണയായി കാണപ്പെടുന്നത് കിഴക്കൻ ചൈനയിലും വിയറ്റ്നാമിലുമാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് ഇവ ദേശാടനം നടത്തുന്നത്.
ഈ മാസം ആദ്യം മുതൽ നിരവധി ദേശാടനപ്പക്ഷികളാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേർഡ് വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 546 ഇനം പക്ഷികളുണ്ട്. രാജ്യത്തുടനീളം 1353 ഇനം പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.