ഡിസിസി പ്രസിഡണ്ടിന് വോട്ടില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഏഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്ത് പോയ കാസർകോട് ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ വോട്ടവകാശമില്ലാത്തതിനാൽ തിരിച്ചുപോയി. ഡിസിസി പ്രസിഡണ്ടുമാർക്ക് ഏഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലാത്തതിനാലാണ് ഇദ്ദേഹം  വോട്ട് രേഖപ്പെടുത്താനാകാതെ മടങ്ങിയത്.

കോൺഗ്രസിന്റെ സംഘടനാ ബ്ലോക്കിലുൾപ്പെട്ട കെ.പിസിസി അംഗങ്ങൾക്ക് മാത്രമാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ജില്ലയിലെ കോൺഗ്രസിന്റെ 11 സംഘടനാ ബ്ലോക്കുകളിൽ നിന്നായി 11 കോൺഗ്രസ് നേതാക്കൾ ഇന്നലെ  നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. മുൻ എംഏൽഏ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പിസിസി നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ഹക്കീംകുന്നിൽ , പെരിയ ബാലകൃഷ്ണൻ, ഏ. നീലകണ്ഠൻ, കെ.കെ. നാരായണൻ, പി. അഷ്റഫലി മുതലായവരാണ് ഇന്നലെ തിരുവനന്തപുരത്തെത്തി വോട്ട് രേഖപ്പെടുത്തിയത്.

കോൺഗ്രസ് ഭരണ ഘടന പ്രകാരം ഡിസിസി പ്രസിഡണ്ടുമാർക്ക് വോട്ടില്ല. ഡിസിസി പ്രസിഡണ്ടുമാർ കെ.പിസിസിയുടെ എക്സ് ഒഫീഷ്യോ അംഗങ്ങൾ മാത്രമാണ്. സംസ്ഥാനത്തെ 283 സംഘടനാ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി 283 പേർക്ക് വോട്ടവകാശമുണ്ട്.

ഇതിന് പുറമെ എംഎൽഏമാരുടെ സംഖ്യയ്ക്ക്  ആനുപാതികമായും വോട്ടുണ്ട്. ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽക്കഴിയുന്ന എൽദോസ് കുന്നപ്പള്ളിക്ക് വോട്ടവകാശമുണ്ടായിരുന്നുവെങ്കിലും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നില്ല.

LatestDaily

Read Previous

‘ആനന്ദം പരമാനന്ദം’ ടീസർ 20 ന് റിലീസ് ചെയ്യും

Read Next

പി. കെ. നിഷാന്തിന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി കൊടുക്കാനുള്ള നീക്കം പാർട്ടിയിൽ പുകയുന്നു