അദാനി ഏറ്റെടുത്തതിന് പിന്നാലെ നഷ്ടം രേഖപ്പെടുത്തി എസിസി സിമൻ്റ്സ്

സിമന്‍റ് കമ്പനിയായ എസിസി (എസിസി ലിമിറ്റഡ്) നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 87.32 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള എസിസിയുടെ ആദ്യ പാദമാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എസിസി 450.21 കോടി രൂപ ലാഭം നേടിയിരുന്നു.

2022-23 ന്‍റെ ആദ്യ പാദത്തിൽ കമ്പനി 222 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ മൊത്തം ഏകീകൃത വരുമാനം 4,057.08 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.42 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ സിമന്‍റ് ഉൽപാദനം 6.57 ദശലക്ഷം ടണ്ണിൽ നിന്ന് 6.85 ദശലക്ഷം ടണ്ണായി ഉയർന്നു.

എസിസിയുടെ ഗ്രീൻഫീൽഡ് പദ്ധതികൾ 2023 മാർച്ചോടെ പ്രവർത്തനസജ്ജമാകും. കുത്തനെയുള്ള ഇന്ധന വിലക്കയറ്റം കമ്പനിയുടെ ചെലവ് വർദ്ധിപ്പിച്ചു. ഇന്ധന വില കുറയുന്നതോടെ വരും പാദങ്ങളിൽ ചിലവ് കുറയുമെന്ന് എസിസി സിഇഒ ബി ശ്രീധര്‍ പറഞ്ഞു. നിലവിൽ 2,238.30 രൂപയാണ് എസിസിയുടെ ഓഹരി വില.

Read Previous

വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു; ഡൽഹിയിലെ സ്മോഗ് ടവർ ഫലപ്രദം

Read Next

വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണയുണ്ടെന്ന് വി.ഡി.സതീശൻ