ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അടുത്ത മാസം 9ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്. ഇത് അംഗീകരിച്ചാണ് പ്രസിഡന്‍റിന്‍റെ ഉത്തരവ്.
യു.യു. ലളിത് നവംബർ എട്ടിന് വിരമിക്കും. ചന്ദ്രചൂഡിന് രണ്ട് വർഷം ചീഫ് ജസ്റ്റിസായി അവസരം ലഭിക്കും. 2024 നവംബർ 10ന് അദ്ദേഹം വിരമിക്കും. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ് ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ്.
ജസ്റ്റിസ് ചന്ദ്രചൂഡിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2016 മെയ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. യു.യു. ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദ്ദേഹം. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്‍റെ സാധുത, ശബരിമലയിലെ സ്ത്രീ പ്രവേശനം എന്നിവയുൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്ത ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതി ജഡ്ജിയും അതിനുമുമ്പ് അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്നു.