ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക ഉൾപ്പെടെ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 55 യാത്രക്കാരുടെ വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ഉപരോധമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പൊലീസ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനാൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു.
യാത്ര മുടങ്ങിയ പട്ടികയിലുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ആഭ്യന്തര യാത്രക്കാരാണ്. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വൻതുക മുടക്കി ടിക്കറ്റ് വാങ്ങാൻ അവർ വീണ്ടും നിർബന്ധിതരായി. ദീപാവലി അടുത്തിരിക്കെ, എല്ലാ ടിക്കറ്റുകൾക്കും വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ 8.30നാണ് ഉപരോധം ആരംഭിച്ചത്. മൂന്ന് മണി വരെ പ്രതിഷേധം തുടർന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും സഹായമുണ്ടായില്ല. മറ്റു ജില്ലകളിൽ നിന്നെത്തിയവർ മറുവഴി കണ്ടെത്താൻ കഴിയാതെ വലഞ്ഞു. ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിലെത്തിയപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇൻഡിഗോ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന 40 പേർ, വിസ്താര എയർലൈൻസ് വിമാനത്തിൽ കയറേണ്ടിയിരുന്ന 11 പേർ, മസ്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകേണ്ടിയിരുന്ന മൂന്ന് പേർ, ശ്രീലങ്കയിലേക്ക് പോകേണ്ടിയിരുന്ന ഒരാൾ എന്നിവർക്കാണ് യാത്ര മുടങ്ങിയത്.