ശബരിമല മേൽശാന്തി നിയമനം കേസിന്‍റെ അന്തിമവിധിക്കനുസരിച്ചെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സുപ്രീം കോടതി. എന്നാൽ ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു.

മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ബോർഡിന് നിർദേശം നൽകി. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങളുടെ മേൽശാന്തിയായിരുന്നു അദ്ദേഹം. അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത ഫോർമാറ്റിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷ്ണു നമ്പൂതിരിയുടെ അപേക്ഷ തള്ളിയത്. എന്നാൽ, ബോർഡിൽ ഉൾപ്പെടാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാഫോറം തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു നമ്പൂതിരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം കോടതിയെ അറിയിച്ചു.

K editor

Read Previous

ഏക്‌നാഥ് ഷിൻഡെയുടെ പാര്‍ട്ടിക്ക് വാളും പരിചയും ചിഹ്നം; എതിർപ്പുമായി സിഖ് സമുദായം

Read Next

എട്ടിടത്ത് റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരക്കാർ; 55 പേരുടെ വിമാനയാത്ര മുടങ്ങി