പൃഥ്വിരാജിന് ഇന്ന് നാൽപതാം പിറന്നാൾ; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ഐറ്റങ്ങൾ

പൃഥ്വിരാജ് സുകുമാരൻ ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. 20 വർഷം മുമ്പ് രാജസേനന്റെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരൻ എന്ന ചിത്രത്തിലൂടെ നടനായും നായകനായും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് മലയാളികൾക്ക് മാത്രമല്ല, ഇന്ത്യൻ സിനിമാപ്രേമികൾക്കും സുപരിചിതനാണ്.

മലയാളത്തിൽ മാത്രം ഒരു നടനെന്ന നിലയിൽ നൂറിലധികം സിനിമകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 15 ഓളം ചിത്രങ്ങളുണ്ട്. അഭിനയ ജീവിതത്തിന്‍റെ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന് മുമ്പ് താൻ എന്നും സ്വപ്നം കണ്ടിരുന്ന ഒരു സംവിധായകനാകുക എന്ന തന്‍റെ സ്വപ്നവും പൃഥ്വിരാജ് സാക്ഷാത്കരിച്ചു. അതും മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യവിജയം നേടിയ ലൂസിഫർ എന്ന സിനിമയിലൂടെ.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലും പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാറ്റിക് അനുഭവം നൽകാൻ അദ്ദേഹം സ്വന്തം ശ്രമങ്ങൾ നടത്തുകയാണ്.

പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന ഫിലിമോഗ്രഫിയിൽ ഒരു സിനിമാ പ്രേമിക്ക് കാണാൻ കഴിയുന്ന നിരവധി സർപ്രൈസുകൾ ഉണ്ട്. അഭിനേതാവെന്ന നിലയിൽ തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആടുജീവിതം, ലൂസിഫറിന്‍റെ തുടർച്ചയായ എമ്പുരാൻ, പാൻ-ഇന്ത്യൻ ചിത്രമായ ടൈസൺ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

Read Previous

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

Read Next

ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം: മധ്യപ്രദേശ് മുഖ്യമന്ത്രി