കേബിൾ മോഷ്ടിച്ച അസം യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

ചീമേനി: ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായ അസം സ്വദേശികളെ കോടതി റിമാന്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 4 മണിയോടെ ചീമേനി തുറവിൽ നിന്നാണ് കേബിൾ മോഷ്ടാക്കളായ അഞ്ചംഗ സംഘത്തെ ചീമേനി പോലീസ് പിടികൂടിയത്.

അസം സ്വദേശികളും കണ്ണൂർ മയ്യിൽ കമ്പിൽ താമസക്കാരുമായ യുവാക്കളെയാണ് 86 മീറ്റർ നീളമുള്ള ബിഎസ്എൻഎൽ കേബിളുമായി പോലീസ് പിടികൂടിയത്. ആക്രിക്കച്ചവടക്കാരനായ യുവാക്കൾ കേബിൾ മോഷ്ടിച്ച് ഓട്ടോയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

ചീമേനി എസ്ഐ, കെ. അജിതയുടെ നിർദ്ദേശപ്രകാരം ഗ്രേഡ് എസ്ഐ, വി.വി. രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ശ്രീകണ്ഠാപുരത്തെ ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കെഎൽ – 59 ഡി 9073 ടാറ്റാ എയ്സ് വാഹനം ദിവസ വാടകയ്ക്കെടുത്താണ് യുവാക്കൾ ആക്രി ശേഖരിച്ചിരുന്നത്.

അസം സ്വദേശികളായ റസൂൽ ആസാദ് 24, മജീദ് ഇസ്ലാം 23, ഗുൽബാൻ അലി 23, സുൽഫിക്കർ ആസാദ് 21, മുഹമ്മദ് റിബാദ് 24 എന്നിവരെയാണ് കേബിൾ മോഷ്ടിച്ച് കടത്തുന്നതിനിടെ ചീമേനി പോലീസ് പിടികൂടിയത്. 86 മീറ്റർ നീളമുള്ള ബിഎസ്എൻഎൽ കേബിൾ 8 കഷണങ്ങളാക്കി മുറിച്ചാണ് ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. കേബിളിന് 73,000 രൂപ വില വരും. യുവാക്കൾക്കെതിരെ മോഷണക്കുറ്റത്തിന് കേസ്സെടുത്ത് ചീമേനി പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

LatestDaily

Read Previous

അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക സംബന്ധിച്ച തരൂരിൻ്റെ പരാതി തള്ളി

Read Next

കൈയ്യേറ്റമാരോപിച്ച് പഞ്ചായത്തധികൃതർ ഉപദ്രവിക്കുന്നു