ജ്വല്ലറിത്തട്ടിപ്പ്: ലീഗ് സംസ്ഥാന നേതൃത്വവും നിക്ഷേപകരെ കൈയ്യൊഴിഞ്ഞു

കാഞ്ഞങ്ങാട്: ചരക്ക്- സേവന നികുതിയിൽ വെട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ഉടമകൾക്കെതിരെ ജിഎസ്ടി വകുപ്പ് രണ്ടാമതും നോട്ടീസയച്ചതോടെ എം.സി. ഖമറുദ്ദീൻ എംഎൽഏയുടെ നില ഒന്നുകൂടി പരുങ്ങലിലായി. ചരക്ക്- സേവന നികുതി വെട്ടിപ്പ് കണ്ടുപിടിച്ചതിനെത്തുടർന്ന് നേരത്തെ നൽകിയ നോട്ടീസിൽ മറുപടിയില്ലാതായതോടെയാണ് ജിഎസിടി വിഭാഗം വീണ്ടും എംഎൽഏയ്ക്കും, ഫാഷൻ ഗോൾഡ് മാനേജിങ്ങ് ഡയറകട്ർ ടി.കെ. പൂക്കോയ തങ്ങൾക്കും നോട്ടീസയച്ചത്.


കാസർകോട് ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറി , ചെറുവത്തൂർ ന്യൂഫാഷൻ ഗോൾഡ് എന്നീ സ്ഥാപനങ്ങളാണ് നികുതി വെട്ടിപ്പ് നടത്തിയത്. കാസർകോട് ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും, ചെറുവത്തൂർ ന്യൂഫാഷൻ ഗോൾഡ് 57,03,087 രൂപയുമാണ് ജിഎസ്ടി വിഭാഗത്തിൽ അടയ്ക്കേണ്ടിയിരുന്നത്. ആദ്യം നൽകിയ നോട്ടീസിൽ പണമടയ്ക്കാത്തതിനാൽ 2.38 കോടി രൂപ അടയ്ക്കാനാണ് പുതിയ നോട്ടീസ്. പിഴയടക്കമുള്ള തുകയാണിത്.


അതേസമയം, ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ അന്വേഷണ സംഘം പരാതിക്കാരിൽ നിന്നും തെളിവെടുപ്പ് ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി. ഗോപേഷ് അഗർവാളിന്റെ നേതൃത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് അന്വേഷിക്കാൻ മുസ്്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച മാഹിൻ ഹാജി കമ്മീഷൻ സെപ്തംബർ 30-ന് അന്വേഷണ റിപ്പോർട്ട് സംസ്ഥാനക്കമ്മിറ്റിക്ക് സമർപ്പിച്ചെങ്കിലും, തുടർനടപടിയൊന്നുമുണ്ടായില്ല.


തട്ടിപ്പിലകപ്പെട്ട ലീഗ് പ്രവർത്തകരടക്കമുള്ളവർ സംസ്ഥാന കമ്മിറ്റിയിൽ നിന്നും നടപടിയൊന്നും ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിരാശയിലാണ്.
ജ്വല്ലറിത്തട്ടിപ്പ് വിഷയം ലീഗിന്റെ സംസ്ഥാനക്കമ്മിറ്റിക്ക് മുന്നിൽ പരിഗണനയ്ക്ക് വന്നപ്പോൾ, പി.കെ. കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതേത്തുടർന്ന് ജ്വല്ലറി മാനേജർ സൈനുൽ ആബിദിനെയടക്കം മാഹിൻ ഹാജി വിവരങ്ങൾ ശേഖരിക്കാൻ വിളിച്ചുവരുത്തിയെങ്കിലും, അവർ അന്വേഷണത്തോട് സഹകരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. നൂറോളം ക്രിമിനൽ കേസ്സുകളിലും, നികുതി വെട്ടിപ്പ് കേസ്സുകളിലും പ്രതിയായ എം.സി. ഖമറുദ്ദീനെ പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ നടപടിയെടുക്കാതെ സംരക്ഷിച്ചു നിർത്തുന്നതിൽ പാർട്ടിയിലും, അണികൾക്കിടയിലും പ്രതിഷേധമുണ്ട്.


150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ എംഎൽഏയെ സംരക്ഷിച്ച് നിർത്തുന്നത് വഴി മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വവും നാണക്കേടിലാണ്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ ലീഗിന്റെ കാസർകോട് ജില്ലാ കമ്മിറ്റിയും കുറ്റകരമായ മാനം പാലിക്കുകയാണ്.

LatestDaily

Read Previous

കറുത്ത ചെക്കനെ കല്യാണം കഴിക്കുമോ-? മറുപടിയുമായി അമേയ

Read Next

ഡോക്ടർമാരുടെ തന്തക്ക് വിളി; സെൽഫോണുകൾ ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകി