തിരുവനന്തപുരം കെഎസ്ആർടിസി യൂണിറ്റിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ഒരു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് ദിവസ വരുമാനത്തിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് മുഴുവൻ പ്രതിദിന കളക്ഷനും ബാങ്കിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസറുടെ പരാതിയിൽ ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ്, കാഷ് വിഭാഗം എന്നിവർ നടത്തിയ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം യൂണിറ്റാണ് മികച്ച കളക്ഷൻ ലഭിക്കുന്ന ഡിപ്പോ. ഇവിടെ പ്രതിദിന വരുമാനം 35 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ്. ഈ ആഴ്ച ആദ്യം കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രമാണ് 4 ദിവസം മുമ്പ് ബാങ്കിൽ നിക്ഷേപിച്ച ഡെയിലി കളക്ഷൻ തുകയും ആകെ തുകയും തമ്മിൽ വ്യത്യാസം കണ്ടെത്തിയത്.

ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം കാണാനില്ലെന്ന് കണ്ടെത്തിയത്. ചീഫ് ഓഫീസർക്ക് യൂണിറ്റ് ഓഫീസർ റിപ്പോർട്ട് ചെയ്ത് പരാതി നൽകി.

K editor

Read Previous

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി

Read Next

പാലക്കാട് കർശന വാഹന പരിശോധന; 3 കെഎസ്ആർടിസി ഉൾപ്പെടെ 13 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി