ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ അടുത്ത മാസം സർവീസ് ആരംഭിക്കും

ന്യൂഡല്‍ഹി: ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം 10 ന് സർവീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലായിരിക്കും സർവീസ് നടത്തുക. രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ അഞ്ചാമത്തെ പാതയാണിത്. 2019 ൽ ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ നാലാമത്തെ പാതയായ, ഹിമാചൽ പ്രദേശ്-ന്യൂഡൽഹി റൂട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നിർവഹിച്ചിരുന്നു. ഡൽഹി-കാൺപൂർ-അലഹബാദ്-വാരണാസി റൂട്ടിലാണ് വന്ദേഭാരത് എക്സ്പ്രസ് ആദ്യ സർവീസ് ആരംഭിച്ചത്.

മുൻ സർവീസുകളിൽ ഉപയോഗിച്ച ട്രെയിനുകളുടെ നവീകരിച്ച പതിപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആദ്യ 52 സെക്കൻഡിനുള്ളിൽ തന്നെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിനിന് കഴിയുമെന്ന് കുറിപ്പിൽ പറയുന്നു. നേരത്തെ 430 ടൺ ഭാരമുണ്ടായിരുന്ന ട്രെയിനിന് ഇപ്പോൾ 392 ടൺ ഭാരമാണുള്ളത്. വന്ദേഭാരത് എക്സ്പ്രസ് വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുമെന്നും കുറിപ്പിൽ പറയുന്നു.

അടുത്ത വർഷം ഓഗസ്റ്റ് 15 നകം 75 സർവീസുകൾ ആരംഭിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

K editor

Read Previous

റാഗിംഗ് ക്രിമിനൽ കുറ്റം; തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ

Read Next

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി