ഇ.ഡിയെ ഒഴിവാക്കി സ്വപ്നയെ വിമർശിച്ച് സുപ്രീം കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കി, സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്നും സർക്കാർ ആരോപിച്ചു.

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമുണ്ട്. ഇഡി 12 തവണ മൊഴിയെടുത്തിട്ടും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന ഇപ്പോൾ മജിസ്ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണുവാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ഇ.ഡി അന്വേഷണത്തിനെതിരെ സി.പി.എം സംസ്ഥാനത്തെ നേതൃത്വവും മന്ത്രിമാരും രാഷ്ട്രീയ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ വിമർശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

K editor

Read Previous

നേതാവ് വായ്പ തിരിച്ചടവ് മുടക്കി; ഗവർണറുമൊത്തുള്ള ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് കമ്പനി

Read Next

ഒഎൽഎക്സ് വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍