അഞ്ചിലൊരാൾക്ക് കോവിഡാനന്തരപ്രശ്നങ്ങൾ; കൃത്യമായ ആരോഗ്യപരിശോധന വേണമെന്ന് വിദഗ്ധർ

കണ്ണൂർ: കോവിഡ് ബാധിച്ച അഞ്ചിൽ ഒരാൾക്ക് കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നെഞ്ചുരോഗ വിദഗ്ധർ പറയുന്നു. നേരിയ ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ പലരും അഭിമുഖീകരിക്കുന്നു. അതിനാൽ, കൊവിഡ് വന്ന എല്ലാവരും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരും പ്രമേഹം, അമിത ബിപി, ആസ്ത്മ തുടങ്ങിയ അനുബന്ധ അസുഖങ്ങളുള്ളവരും പരിശോധനയ്ക്ക് വിധേയരാകാൻ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ശരീരത്തിൽ അവശേഷിക്കുന്ന രോഗങ്ങൾ തിരിച്ചറിയാൻ ഇനിയും വൈകരുതെന്ന് അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. കണ്ണൂരിൽ നെഞ്ചുരോഗവിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്വാസകോശത്തിൽ കോവിഡ്-19 മൂലമുണ്ടാകുന്ന കേടുപാടുകൾ സ്ഥിരമായ വൈകല്യത്തിന് കാരണമാകും. ചിലരുടെ ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുന്നു. ചില ആളുകളിൽ, ശ്വാസകോശം ദ്രവിച്ചുപോകുന്നു. ശ്വാസംമുട്ടൽ മുതൽ ഓക്സിജനില്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്തത് വരെ ഇതിൽ ഉൾപ്പെടാം. കോവിഡ്-19 വന്ന പല പ്രമേഹരോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്. മുമ്പ് പ്രമേഹം ഇല്ലാത്ത ചില ആളുകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചിരുന്നു. കോവിഡ് മുക്തമായ ശേഷവും അവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി തുടരും.

Read Previous

ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനം: കെ ടി ജലീൽ

Read Next

കുടിവെള്ള പൈപ്പിലൂടെ മലിനജലം വിതരണം ചെയ്തു; ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയ്ക്ക് വീഴ്ച