ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. ഏഷ്യാറ്റിക് വാട്ടർ സ്നേക്ക് എന്നറിയപ്പെടുന്ന കീൽബാക്ക് ഇനത്തിൽ പെട്ട പാമ്പിനെയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. വൈൽഡ് ലൈഫ് എസ്ഒഎസ് സംഘമാണ് പാമ്പിനെ പിടികൂടിയത്. അഞ്ചടിയോളം നീളമുള്ള പാമ്പിനെ ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ആഭ്യന്തര മന്ത്രിയുടെ വസതിയോട് ചേർന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള മുറിയിലെ മരപ്പലകകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വൈൽഡ് ലൈഫ് എസ്ഒഎസ് ടീമിനെ വിവരം അറിയിച്ചു. വന്യജീവി സംഘം ശാസ്ത്രീയമായി പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് മരപ്പലകകൾക്കുള്ളിൽ ഒളിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്ത ഇനം പാമ്പാണിതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
തടാകങ്ങൾ, നദികൾ, കുളങ്ങൾ, അഴുക്കുചാലുകൾ, കൃഷിയിടങ്ങൾ, കിണറുകൾ തുടങ്ങിയ ജലാശയങ്ങളിലാണ് പ്രധാനമായും കീൽബാക്കുകൾ കാണപ്പെടുന്നത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ 2 പ്രകാരം സംരക്ഷിത ഇനത്തിൽ പെട്ട പാമ്പാണിത്. പാമ്പിനെ കൊല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ വിളിച്ചത് സന്തോഷകരമാണെന്ന് വൈൽഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപകനും സിഇഒയുമായ കാർത്തിക് സത്യനാരായണൻ പറഞ്ഞു.