ഹാരി പോട്ടർ സിനിമകളിലെ ഹാഗ്രിഡ്, നടന്‍ റോബി കോള്‍ട്രെയ്ൻ അന്തരിച്ചു

സ്കോട്ട്ലാന്‍ഡ്: ഹോളിവുഡ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. ഹാരി പോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് താരത്തിന് 72 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് റോബി സിനിമാ പ്രേമികൾക്ക് സുപരിചിതനായത്. സ്കോട്ട്ലൻഡിലെ ഫോർത്ത് വാലി റോയൽ ഹോസ്പിറ്റലിലാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, മരണകാരണം വ്യക്തമല്ല.

1990 ൽ ക്രാക്കർ എന്ന ടെലിവിഷൻ പരമ്പരയിൽ സൈക്യാട്രിസ്റ്റായാണ് റോബി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും റോബിക്ക് ലഭിച്ചു. ജെകെ റൗളിംഗിന്‍റെ ഹാരി പോട്ടറിലെ ഹാഗ്രിഡ് എന്ന കഥാപാത്രവും അദ്ദേഹത്തിന്‍റെ അഭിനയ മികവിന്‍റെ സാക്ഷ്യപത്രമായിരുന്നു.

2001 നും 2011 നും ഇടയിൽ പുറത്തിറങ്ങിയ എട്ട് ഹാരി പോട്ടർ ചിത്രങ്ങളിലും റോബി അഭിനയിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നീ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. റോബി തന്‍റെ സഹോദരി ആനി റേ, മക്കളായ സ്പെൻസർ, ആലീസ് എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്. റോബിയുടെ നിര്യാണത്തിൽ ജെകെ റൗളിഗ് ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

K editor

Read Previous

300 രൂപയ്ക്ക് നീലക്കുറിഞ്ഞി കാണാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി

Read Next

എൽദോസ് കുന്നപ്പിള്ളിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ