ദേവലോകം ദുർമന്ത്രവാദ കൊലപാതകത്തിന് 29 വർഷം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നിധി മോഹിപ്പിച്ച് ദമ്പതികളെ വലയിലാക്കി ദുർമന്ത്രവാദത്തിന്റെ മറവിൽ കൊലപ്പെടുത്തിയ ദേവലോകം ഇരട്ടക്കൊലപാതകത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇരുപത്തൊമ്പതാണ്ട് തികഞ്ഞു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ പെർള ദേവലോകത്ത് 1993 ഒക്ടോബർ 9 ന് നടന്ന ഇരട്ടക്കൊല പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് സമാനമായിരുന്നു.

പറമ്പിൽ നിധി ശേഖരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കർണ്ണാടക സാഗർക്കാരിയിലെ ദുർമന്ത്രവാദി ഇമാം ഹുസൈൻ എന്ന താജുദ്ദീൻ ദേവലോകത്തെ കൃഷ്ണഭട്ട് – ശ്രീമതി ഭട്ട് ദമ്പതികളെ വശീകരിച്ചത്. നിധിയെടുക്കാനായി നടത്തിയ ആഭിചാരക്രിയകൾക്കൊടുവിൽ ദമ്പതികൾക്ക് ഉറക്കഗുളിക കലക്കിയ പാനീയം നൽകി മയക്കിയ ശേഷം അടിച്ചുകൊന്ന് കുഴിച്ചിട്ട് സ്വർണ്ണവുമായി രക്ഷപ്പെടുകയായിരുന്നു.

മംഗളൂരു കെ.എസ്. റാവു റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ജ്യോതിഷം, ദുർമന്ത്രവാദം, ജന്മനക്ഷത്രക്കല്ലുകളുടെ കച്ചവടം മുതലായവ നടത്തിയിരുന്ന ഇമാം ഹുസൈനെ പത്രപരസ്യം കണ്ട് വിളിച്ചുവരുത്തിയാണ് ദേവലോകത്തെ ദമ്പതികൾ സ്വന്തം ശവക്കുഴി തോണ്ടിയത്. ലോക്കൽ പോലീസ് കേസന്വേഷണത്തിൽ  പരാജയപ്പെട്ടതോടെ 2008 – ൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും നാല് വർഷങ്ങൾക്ക് ശേഷം ഇമാം ഹുസൈനെ ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ നിന്നും പിടികൂടുകയുമായിരുന്നു.

2013-ൽ കാസർകോട് സെഷൻസ് കോടതി ഇമാം ഹുസൈനെ 42 വർഷത്തെ തടവിന് വിധിച്ചെങ്കിലും, ഹൈക്കോടതി കേസ്സിൽ തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടു. ഇലന്തൂർ നരബലിക്ക് സമാനമായി ദേവലോകത്തെ ദമ്പതികളും അന്ധവിശ്വാസത്തിന്റെ ഇരകളായിത്തീരുകയായിരുന്നു. ഇലന്തൂർ നരബലിയിൽ ബലിയാടുകളായത് നിരപരാധികളായ രണ്ട് സ്ത്രീകളാണെങ്കിൽ ദേവലോകം ഇരട്ടക്കൊലയിൽ കുരുതി കൊടുക്കപ്പെട്ടത് ദുർമന്ത്രവാദം നടത്താനേൽപ്പിച്ച ദമ്പതികൾ തന്നെയാണ്.

ദേവലോകം ഇരട്ടക്കൊലക്കേസ്സിലെ സാക്ഷിപ്പട്ടിക വളരെ കൗതുകങ്ങൾ നിറഞ്ഞതായിരുന്നു. ദുർമന്ത്രവാദത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന കോഴിപ്പൂവനായിരുന്നു കേസ്സിൽ പ്രധാന സാക്ഷി. ദേവലോകം കൊലക്കേസ്സിലെ പ്രധാന സാക്ഷിയായ കോഴിപ്പൂവൻ പോലീസിനെയും കോടതിയെയും വട്ടം കറക്കിയിരുന്നു. മധ്യകേരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ അന്ധവിശ്വാസങ്ങളും ആഭിചാരകർമ്മങ്ങളും പ്രായേണ കുറവായിരുന്നതിനാൽ ദേവലോകം ഇരട്ടക്കൊല ജില്ലയെ ഞെട്ടിച്ചിരുന്നു.

ശ്രീമതി  ഭട്ടിന്റെ എട്ട് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചാണ് ഇമാം ഹുസൈൻ രക്ഷപ്പെട്ടത്. കൃഷ്ണഭട്ട് – ശ്രീമതി ഭട്ട് ദമ്പതികളുടെ മക്കളായ മുരളീകൃഷ്ണ, നിരഞ്ജൻ, സുദർശനൻ മുതലായവർ സംഭവ ദിവസം വീട്ടിൽ ഉറക്കത്തിലായതിനാൽ ഇവരാരും തന്നെ കൊലപാതകം നേരിൽക്കണ്ടിരുന്നില്ല. സംഭവം നടക്കുമ്പോൾ 6,7 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു മൂവരും.

LatestDaily

Read Previous

ജോലി പോയാലും യുഏഇയിൽ 3 മാസം ശമ്പളം ലഭിക്കും

Read Next

യുവതിയെ അക്രമിച്ച് 1.95 ലക്ഷവും മൊബൈൽ ഫോണും കവർന്നു