കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്ര രഹസ്യാന്വേഷകരുടെ ചാരവലയത്തിൽ

രവി പാലയാട്

തലശ്ശേരി: ഐ.ബി, റോ, സി.ബി.ഐ., ഇ.ഡി, എൻ.ഐ..എ. തുടങ്ങി കേന്ദ്രത്തിന്റെ കൈയ്യിലുള്ള ഏതാണ്ട് മുഴുവൻ ചാര രഹസ്യാന്വേഷകരും കണ്ണൂർ, കാസർകോട് മേഖലകളിൽ വട്ടമിട്ടു പറക്കുന്നു.  രാജ്യദ്രോഹ  തീവ്രവാദ വിഷയങ്ങളിൽ കേന്ദ്രത്തിനൊപ്പം ഓടാൻ കേരളം അറച്ചു നിൽക്കുന്നതായ വിലയിരുത്തലുകളെ തുടർന്ന് സംസ്ഥാനമാകെ നിരീക്ഷണ വലയത്തിലാക്കിയതിനൊപ്പമാണ് മലബാറിൽ പ്രത്യേകം പിടിമുറുക്കുന്ന നടപടികൾ തുടങ്ങിയത് .

നേരത്തെ തന്നെ ഈ മേഖലകളിൽ കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കിലും പി.എഫ്.ഐ.യുടെ നിരോധനത്തിന് പിറകെയാണ്  പ്രവർത്തനം കൂടുതൽ  ശക്തമാക്കിയത്. നേരത്തെ ഇവർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പാനൂർ പെരിങ്ങത്തൂരിലെ കനകമലയിൽ നിന്നും രണ്ട് വർഷം മുൻപ് ഒരു കൂട്ടം കൊടും തീവ്രവാദികളെ പിടികൂടാനായത്.ഇതോടൊപ്പം തലശ്ശേരിയിൽ നിന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ അറബി ഹംസ ഉൾപ്പെടെയുള്ളവരും പിടിയിലായിരുന്നു.

എല്ലാവരും ഇപ്പോൾ നിയമ നടപടികൾ നേരിടുകയാണ്.    ഇനിയും ചിലരെ കേന്ദ്ര സംഘം നോട്ടമിട്ടിട്ടുണ്ട് തീവ്രവാദ ശക്തികളുടെ അടിവേരുകൾ പിഴുതെടുക്കുകയാണ് ലക്ഷ്യം. തീവ്രവാദ വേട്ടയിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എങ്ങിനെ സഹകരിക്കുന്നുവെന്നതും കേന്ദ്ര രഹസ്യാന്വേഷകർ വിലയിരുത്തുന്നുണ്ട്  ഇതിനിടെ   തലശ്ശേരി പട്ടണ നടുവിലെ പി.എഫ്.ഐ.

നിയന്ത്രിത സ്ഥാപനം ലോക്കൽ പോലീസ് ഇന്നലെ സീൽ ചെയ്തു.   വൈകിട്ടാണ് ഒ.വി.റോഡ് പരിസരത്തെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പൂട്ടി സീൽ ചെയ്തത്. സ്ഥാപനത്തിന്റെ കെയർ ടേക്കറെ വിളിച്ചു വരുത്തി തുറപ്പിച്ച് പരിശോധിച്ച ശേഷമായിരുന്നു നടപടി. ഇരു നില വീടാണ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസായി പ്രവർത്തിക്കുന്നത് . പോലീസ് ഇൻസ്പെക്ടർ എം അനിലിന്റെ നേതൃത്തിലായിരുന്നു  പരിശോധന നടത്തിയത്.

എസ് ഡി പി ഐ യുടെ ബാനർ , ക്യാമ്പസ് ഫ്രണ്ടിന്റെ പേരിലുള്ള രശീതി, സിഡികൾ, പി എഫ് ഐ യുടെ കൺവെൻഷൻ നോട്ടീസ് എന്നീവ കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ തിട്ടപ്പെടുത്തി. നടപടികൾ വീഡിയോയിൽ ചിത്രീകരിച്ചു. കെയർടെക്കറുടെ വിവരങ്ങളും ശേഖരിച്ചു. പി എഫ് ഐ പ്രവർത്തകനാണെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു.  സീൽ ചെയ്യുകയാണെന്നും ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം നൽകി.   പോലീസ്  നടത്തിയ പരിശോധനയിൽ ആയുധ പരിശീലനത്തിനുപയോഗിക്കുന്ന ചെറുതും വലുതുമായ കുറുവടികളും കണ്ടെത്തി.

ഇൻസ്പെക്ടർ എം അനിൽ, എസ് ഐ  സി ജയൻ എന്നിവർ പോലീസ് നീക്കങ്ങൾ നിയന്ദ്രിച്ചു   ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ 5 ഓഫീസുകൾ എൻ.ഐ.എ. ഉദ്യോഗസ്ഥർ പോലീസിന്റെയും , റവന്യൂ സംഘത്തിന്റെയും സാന്നിധ്യത്തിൽ അടച്ചു പൂട്ടിക്കഴിഞ്ഞു.

LatestDaily

Read Previous

ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ഒക്ടോബര്‍ 28 ന് റിലീസ് ചെയ്യും

Read Next

വിഴിഞ്ഞം തുറമുഖം; റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ മടക്കി പരിസ്ഥിതി മന്ത്രാലയം