സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബേക്കൽ ടൂറിസം വികസനത്തിന് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ട പരിഹാരം ലഭിച്ചില്ലെന്ന സ്ഥലമുടമയുടെ പരാതിയിൽ കാഞ്ഞങ്ങാട് സബ് കലക്ടറുടെ വാഹനം ജപ്തി ചെയ്ത് പണം വസൂലാക്കാൻ കോടതി ഉത്തരവ്. ബേക്കൽ പള്ളിക്കരയിലെ സോമനാഥൻ, മഞ്ജുനാഥൻ മുതലായവരുടെ ഉടമസ്ഥതയിലുള്ള ഭൂമി ടൂറിസം വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു.

സർക്കാർ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നൽകാൻ 2003-ൽ തന്നെ ഉത്തരവായിരുന്നുവെങ്കിലും, സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്തു. കഴിഞ്ഞ വർഷം ഹൈക്കോടതി സ്റ്റേ ഉത്തരവ് തള്ളിയതോടെയാണ് നഷ്ടപരിഹാര കേസിന് വീണ്ടും ജീവൻ വെച്ചത്.

ഹോസ്ദുർഗ് സബ്ബ്  കോടതിക്ക് മുമ്പാകെ  പരിഗണനയിലുള്ള കേസിൽ ജഡ്ജ് എം.സി. ആന്റണിയാെണ് കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാനുത്തരവിട്ടത്. 13 വർഷം  നീണ്ട നിയമയുദ്ധത്തിനിടെ ഭൂമിയുടെ യഥാർത്ഥ ഉടമകളായ സോമനാഥൻ, മഞ്ജുനാഥൻ  എന്നിവർ മരിച്ചിരുന്നു. ഇവരുടെ മക്കളാണ് കേസ് തുടർന്ന് നടത്തിയത്.

മൂന്ന് ലക്ഷത്തിലധികം  രൂപയാണ് ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി ലഭിക്കേണ്ടിയിരുന്നത്. അനുവദിച്ച നഷ്ടപരിഹാരം നൽകാതെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയ സർക്കാരിന് തിരിച്ചടിയാണ് ഹോസ്ദുർഗ് സബ്ബ് കോടതിയുടെ വിധി. കാഞ്ഞങ്ങാട് സബ്ബ് കലക്ടറുടെ  ഔദ്യോഗിക വാഹനമായ കെ.എൽ.14.എക്സ് 5261 നമ്പർ മഹീന്ദ്രാ സ്കോർപ്പിയോ വാഹനമാണ് കോടതി ജപ്തി ചെയ്തത്. വിധിയെ തുടർന്ന് വാഹനം കോടതിയുടെ കസ്റ്റഡിയിലാണ്.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ

Read Next

യുവതിയെയും കാമുകനെയും ഊട്ടിയിൽ കണ്ടെത്തി