പോത്തിന്‍കൂട്ടത്തെ ഇടിച്ച് വന്ദേ ഭാരത് ട്രെയിൻ; പോത്തുകളുടെ ഉടമകള്‍ക്കെതിരെ കേസ്

മുംബൈ: ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം പോത്തിന്‍കൂട്ടത്തെ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പോത്തുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ആർപിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതുതായി ആരംഭിച്ച സർവീസാണ് വ്യാഴാഴ്ച രാവിലെ 11:15 ഓടെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ വാത്വ, മണിനഗർ പ്രദേശങ്ങൾക്കിടയിലാണ് സംഭവം.

അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്. പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ അധികൃതർ നന്നാക്കി. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ ഡ്രൈവർ കോച്ചിന്റെ മുൻഭാ​ഗത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളുമാണ് കേടായത്. എന്നാൽ, ട്രെയിനിന്‍റെ പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്‍ററിൽ കേടുപാടുകൾ സംഭവിച്ച ഭാഗം നന്നാക്കിയതായി വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു.

എഫ്ആർപി (ഫൈബർ-റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) ഉപയോഗിച്ചാണ് മുൻവശം നിർമ്മിച്ചിരിക്കുന്നത്.  ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും വെസ്റ്റേൺ റെയിൽവേ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വന്ദേഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസ് സെപ്റ്റംബർ 30ന് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 

K editor

Read Previous

സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമർശിച്ച് ചിദംബരം

Read Next

വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെഎസ്ആർടിസി യാത്രക്കാർക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും