ലീഗിൽ സാദിഖലിയുടെ അതൃപ്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച ലീഗ് നേതാക്കളോട് പരസ്യമായ അതൃപ്തിയറിയിച്ച് മുസ്്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ അനുകൂലിച്ച് എം.കെ. മുനീർ എംഎൽഏ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തിരുത്തി ലീഗ് ജനറൽ സിക്രട്ടറി പി.എം.ഏ. സലാം രംഗത്തെത്തിയത്.

നിരോധനം പരിഹാരമല്ലെന്ന നിലപാട് സ്വീകരിച്ച പി.എം.ഏ. സലാം മുനീർ ആദ്യ നിലപാട് തിരുത്തിയെന്ന് പ്രസ്താവന നടത്തുകയും ചെയ്തു. പി.എം.ഏ. സലാമിന്റെ പ്രസ്താവനയെ നിഷേധിച്ച് എം.കെ. മുനീർ നടത്തിയ പ്രസ്താവനയിൽ താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും തനിക്ക് ഒറ്റ തന്ത  മാത്രമേയുള്ളുവെന്നും കൂടി പറഞ്ഞു.

പാർട്ടി എംഎൽഏയും സംസ്ഥാന ജനറൽ സിക്രട്ടറിയും ഇരു തട്ടിലായി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ മുസ്്ലീം ലീഗിലേക്ക് ക്ഷണിച്ച് കെ.എം. ഷാജിയും രംഗത്തെത്തിയിരുന്നു. എല്ലാക്കാര്യത്തിലും പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമെ ഉള്ളുവെന്നാണ് കഴിഞ്ഞ ദിവസം നടന്ന ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചത്.

അടുത്തകാലത്തായി ലീഗ് നേതാക്കൾ നടത്തിയ പല പരസ്യ പ്രസ്താവനകളിലുള്ള അമർഷം കൂടിയാണ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പ്രകടിപ്പിച്ചത്. അടുത്ത കാലം വരെ ലീഗിന്റെ അവസാന വാക്ക് പാണക്കാട് കുടുംബത്തിലെ നേതാക്കളുടേതായിരുന്നുവെങ്കിലും,  ഇപ്പോൾ സ്ഥിതി വിഭിന്നമാണ്. മുസ്്ലീം ലീഗിനകത്ത് നില നിൽക്കുന്ന ശ്കതമായ ഗ്രൂപ്പിസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണ ശേഷമാണ് രൂക്ഷമായത്.

പാണക്കാട്ടെ നേതാക്കൾക്കെതിരെ മറുവാക്കുരിയാടാൻ ധൈര്യമില്ലാതിരുന്ന പല നേതാക്കളും അദ്ദേഹത്തിന്റെ കാലശേഷം, പരസ്പരം അങ്കം വെട്ടുന്ന കാഴ്ചയാണ് ലീഗിൽ കാണാൻ കഴിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അഭിപ്രായ  വ്യത്യാസങ്ങളാണ് പരസ്യ പ്രസ്താവനകളായി പുറത്ത് വരുന്നത്.

ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ  നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ ലീഗിലേക്ക് ക്ഷണിക്കാമെന്ന കെ.എം. ഷാജിയുടെ നിലപാടും വിമർശന വിധേയമായിട്ടുണ്ട്. തീവ്ര ചിന്തകൾ വെച്ചു പുലർത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലീഗിലേക്ക് ക്ഷണിക്കുന്നത് മുസ്്ലീം ലീഗിന്റെ മതേതര മുഖം നഷ്ടമാകാൻ കാരണമാകുമെന്ന ആശങ്കയും ലീഗ് പ്രവർത്തകർക്കുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാനാധ്യക്ഷ പദവിയിലിരിക്കുമ്പോൾ ലീഗിനെ നിയന്ത്രിച്ചിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ഹൈദരലി തങ്ങളുടെ അന്ത്യത്തോടെ ലീഗിൽ ഏകഛത്രാധിപതിയെപ്പോലെ നിലനിന്നിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലയും പരുങ്ങലിലാലിയി. നേതാക്കളെല്ലാം തോന്നുന്ന നിലപാട് പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ സംഘടനാ ദൗർബ്ബല്യം മറനീക്കി പുറത്തു വന്നതിനാലാണ് സാദിഖലി ശിഹാബ് തങ്ങൾ പരസ്യ പ്രസ്താവനകൾക്കെതിരെ അതൃ പ്തി പ്രകടിപ്പിച്ചത്.

മുസ്്ലീം ലീഗിന്റെ ഇടതുമുന്നണി പ്രവേശനത്തെച്ചൊല്ലി ലീഗ് നേതാക്കൾ ഇപ്പോൾ തന്നെ ഇരു തട്ടിലാണ്. ഇടതുമുന്നണി സ്വീകരിക്കുകയാണെങ്കിൽ പോകാമെന്ന പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി കെ.എം. ഷാജിയടക്കമുള്ള എതിർവിഭാഗം രംഗത്തുണ്ട്. ഇടതുമുന്നണി പ്രവേശനത്തെച്ചൊല്ലിയുള്ള തർക്കം കെട്ടടങ്ങിയതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ലീഗ് നേതാക്കൾ രണ്ട് തട്ടിലായത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് തകർപ്പൻ അനധികൃത വ്യാപാരം, നടപടിയെടുക്കാതെ നഗരസഭ നോക്കിച്ചിരിക്കുന്നു

Read Next

ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ നൽകാൻ സദാദിന് ലൈസൻസ്