ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകി.
സിൽവർ ലൈൻ പദ്ധതി മുടങ്ങിയെന്നും പ്രതിഷേധം ശക്തമായപ്പോൾ പിൻവാങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചന സർക്കാർ നൽകിയത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയത്.
മെയ് പകുതിയോടെ നിർത്തിവച്ച സർവേ നടപടികൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗിലൂടെ അതിരടയാളമിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും എതിർപ്പുണ്ടായാൽ എന്തുചെയ്യണം എന്ന ചോദ്യം കെ റെയിലിനേയും സർക്കാരിനെയും കുഴക്കുകയാണ്. ഭൂവുടമകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.