അനശ്വര വസ്ത്രാലയം തൊഴിൽ തർക്കം ഒത്തുതീർന്നു

കാഞ്ഞങ്ങാട്: നഗരത്തിൽ നാലുപതിറ്റാണ്ടുകാലം പ്രവർത്തിച്ചിരുന്ന അനശ്വര വസ്ത്രാലയം അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയുടെ മക്കൾ സമ്മതിച്ചു. അന്തരിച്ച വസ്ത്രാലയമുടമ മൊയ്തീൻകുഞ്ഞിയുടെ മക്കളായ മൻസൂർ, അൻവർ എന്നിവരുമായി ഷോപ്സ് ആന്റ് കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ ഈ വസ്ത്രാലയത്തിൽ ദീർഘകാലം ജോലി നോക്കിയിരുന്ന പതിനാല് ജീവനക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും.


ഇവരിൽ 7 പേർ സ്ത്രീകളും ഏഴ് പുരുഷൻമാരുമുണ്ട്. ജീവനക്കാർക്ക് 1990 മുതലുള്ള ആനുകൂല്യം നൽകാനാണ് തീരുമാനമായത്. ഏറ്റവും കൂടുതൽ കാലയളവിൽ 1981 മുതൽ ഈ വസ്ത്രാലയത്തിൽ ജോലി നോക്കിവരുന്ന ഒരു മുതിർന്ന ജീവനക്കാരന് 3,30,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നിതിൻ തീർത്ഥങ്കര വെളിപ്പെടുത്തി. തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ച തീയ്യതിക്ക് കൃത്യമായി തൊഴിൽ രേഖകൾ ഈ വസ്ത്രാലയത്തിൽ സൂക്ഷിച്ചിരുന്നില്ല.


ഒരാൾക്ക് 1,95000 രൂപയും മറ്റൊരു ജീവനക്കാരന് 40,000 രൂപയും നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയുടെ മക്കൾ സമ്മതിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒക്ടോബർ 10-ന് ശനിയാഴ്ച രാത്രി ഈ തുണിക്കടയിലുണ്ടായിരുന്ന മുഴുവൻ വസ്ത്രങ്ങളും അതിരഹസ്യമായി തമിഴ് നാട്ടിൽ നിന്നെത്തിയ 3 ലോറികളിൽ കയറ്റിക്കൊണ്ടുപോകാനുള്ള നീക്കം സിഐടിയു അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു.


അന്ന് പുലർച്ചെ 2 മണിവരെ യൂണിയൻ നേതാക്കൾ വസ്ത്രാലയത്തിൽ മാനേജുമെന്റുമായി ചർച്ച നടത്തുകയും, തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമകൾ രേഖാമൂലം സമ്മതിക്കുകയും ചെയ്ത ശേഷമാണ് ലോറികളിൽ വസ്ത്രങ്ങൾ കയറ്റാൻ യൂണിയൻ ഭാരവാഹികൾ സമ്മതിച്ചത്. തൊഴിലാളികളിൽ ഭൂരിഭാഗം പേരെയും 5 വർഷം പിന്നിട്ട ശേഷമാണ് വസ്ത്രാലയത്തിലെ തൊഴിൽ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നതെന്നും, യൂണിയൻ നേതാക്കൾ വെളിപ്പെടുത്തി.


ധാരണയിലെത്തിയ നഷ്ടപരിഹാരം ഒരാഴ്ചയിക്കുള്ളിൽ ജീവനക്കാർക്ക് നൽകും. ബിഎംഎസ് യൂണിയനിൽപ്പെട്ട ഒരു തൊഴിലാളിക്ക് വേണ്ടി ബിഎംഎസ് പ്രതിനിധിയും സിഐടിയു ജില്ലാ നേതാവ് കാറ്റാടി കുമാരനും നിതിൻ തീർത്ഥങ്കരയും സംബന്ധിച്ചു. തുക കുറഞ്ഞു പോയെന്ന് അനശ്വര വസ്ത്രാലയത്തിൽ 1980 മുതൽ ജോലി നോക്കിവരുന്ന തൊഴിലാളിക്ക് നൽകുമെന്ന് പറയുന്ന മൂന്നര ലക്ഷം രൂപ നന്നെ കുറഞ്ഞു പോയെന്ന് തൊഴിൽ മേഖലയിലുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടു.


തൊഴിലുടമ തൊഴിലാളിയെ പിരിച്ചു വിടുമ്പോൾ, ഒരു വർഷത്തേക്ക് 15 ദിവസത്തെ ശമ്പളം നൽകിയാൽപ്പോലും 40 വർഷം ജോലി ചെയ്ത തൊഴിലാളിക്ക് ഓരോ മാസവും വാങ്ങിയ ശമ്പളത്തിന്റെ പകുതി നഷ്ടപരിഹാരം ലഭിക്കണമെന്ന് തൊഴിൽ വിദഗ്ധർ വെളിപ്പെടുത്തി.

LatestDaily

Read Previous

സിനിമയിലെ ആണധികാരം

Read Next

ഭർതൃഗൃഹത്തിൽ കടുത്ത പീഡനം മകന് ചേർന്ന പെണ്ണല്ലെന്ന് മാതാവ്