ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മറ്റ് കേസുകളിലും പ്രതി. കഴിഞ്ഞ ജൂലൈയിൽ ഇലഞ്ഞിയിലെ ഡിവൈഎഫ്ഐ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ജോമോൻ ഈ കേസിലെ പ്രതിയാണ്. 2018 ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അപകടത്തിനു ശേഷം ആശുപത്രിയിൽ അധ്യാപകനെന്ന മറവിൽ ചികിത്സ തേടിയ ജോമോൻ മുങ്ങിയിരുന്നു. എന്നാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടസമയത്ത് ഇയാൾ ജില്ലാ പൊലീസ് മേധാവിയോട് അടക്കം കള്ളം പറഞ്ഞ് രക്ഷപ്പെട്ടതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. താൻ ടൂർ ഓപ്പറേറ്ററാണെന്നു പറഞ്ഞാണ് ഇയാൾ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ രക്ഷപ്പെട്ടത്. ശേഷം അധ്യാപകനാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി ചികിത്സ തേടി. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം ആശുപത്രിയിൽ നിന്നും മുങ്ങി. കേരളത്തെ നടുക്കിയ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്.
അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തത്. ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടം നടന്ന സാഹചര്യം, ഇയാൾ മദ്യലഹരിയിൽ ആണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.
ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചേക്കും. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെ കൊല്ലം ചവറയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അതേസമയം, ബസ് ഉടമയ്ക്കെതിരെ കേസെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് കാറിനെയും കെ.എസ്.ആർ.ടി.സി ബസിനെയും ഒരുമിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.