മ്യാൻമറിൽ തടവിൽ ഉള്ളവരെ വിടാൻ ആളൊന്നിന് 3000 ഡോളർ ആവശ്യപ്പെട്ട് സായുധസംഘം

ന്യൂഡൽഹി: മ്യാൻമറിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ ഐടി ജീവനക്കാരെ മോചിപ്പിക്കാൻ പുതിയ നിബന്ധനയുമായി സായുധ സംഘം. ഒരാൾക്ക് 3000 ഡോളർ നൽകിയാൽ മാത്രമേ വിട്ടയക്കൂ എന്നാണ് സായുധ സംഘം മലയാളികളെ അറിയിച്ചത്. നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെ കൂട്ടത്തോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ നയതന്ത്ര സമ്മർദ്ദം ശക്തമായതോടെ എല്ലാ ഇന്ത്യക്കാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് സായുധ സംഘം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആലപ്പുഴ സ്വദേശികളടക്കം ഏഴുപേരെയാണ് ക്യാമ്പിൽ നിന്ന് കൊണ്ടുപോയത്. ഇവരെ പിന്നീട് പോലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിട്ടു. ബാക്കിയുള്ള കേരളീയരെ തായ്ലൻഡ് അതിർത്തിയിലേക്ക് കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. പാസ്പോർട്ട് ഒഴികെ ഫോണിലെ സിം ഉൾപ്പെടെയുള്ള രേഖകൾ എല്ലാം സംഘം നശിപ്പിച്ചു.

ഇതിനിടെ ശമ്പള കുടിശ്ശികയും വീസ രേഖകളും ആവശ്യപ്പെട്ടതോടെയാണ് സായുധ സംഘം നിലപാട് മാറ്റിയത്. 2.5 ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ നൽകിയാൽ മാത്രമേ ബന്ദിയാക്കിയവരെ മോചിപ്പിക്കൂ എന്നാണ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നൽകിയ ശേഷം മുംബൈ സ്വദേശികൾ നാട്ടിലേക്ക് പോയതായും സംഘം അറിയിച്ചു.

മ്യാവഡിയില്‍ തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മലയാളികളെ മാറ്റിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന സൈനിക ബാരക്കുകൾക്ക് സമാനമായ മൂന്ന് നില കെട്ടിടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മെഷീൻ ഗണ്ണുമായി സായുധ സംഘം കാവൽ നിൽക്കുകയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്.

K editor

Read Previous

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ രണ്ടാഴ്ചയ്ക്കകം പരിശോധിക്കും: ഗതാഗത മന്ത്രി

Read Next

കർണാടകയിൽ മദ്രസയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി