അധ്യക്ഷ തിരഞ്ഞെടുപ്പ്; പരസ്യ പിന്തുണയിൽ തരൂർ അനുകൂലികൾ പരാതി നൽകി  

ദില്ലി/ബെം​ഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂർ അനുകൂലികൾ. ഹൈക്കമാൻഡ് പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശം നടപ്പാക്കണമെന്നും തരൂരിനെ അനുകൂലിക്കുന്നവർ പറഞ്ഞു. പിസിസി പ്രസിഡന്‍റുമാർ മാർ​ഗനിർദ്ദേശം ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണയ്ക്കുന്ന നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ അവ്യക്തത നീക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് കർണാടക കോൺഗ്രസ് രംഗത്തെത്തി. തരൂർ നല്ല കോൺഗ്രസുകാരനാണെങ്കിലും ഖാർഗെയാണ് യഥാർത്ഥ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് കർണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഖാർഗെയ്ക്ക് വിജയസാധ്യതയുണ്ടെന്നും വൻ ഭൂരിപക്ഷം ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ജനാധിപത്യത്തിൽ മത്സരം സ്വാഭാവികമാണ്. മത്സരത്തിൽ ഖാർഗെയ്ക്ക് വിജയം ഉറപ്പാണ്. ഖാർഗെ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാർഗെയും പ്രചാരണത്തിനിറങ്ങും. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദര്‍ശിച്ച് പ്രചാരണം ആരംഭിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം രമേശ് ചെന്നിത്തല പ്രചാരണത്തിനെത്തും. 

അതേസമയം, എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് കെ.സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും ശശി തരൂർ പറഞ്ഞു. തമിഴ്നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു തരൂരിന്റെ പരാമർശം. കേരള പര്യടനം പൂർത്തിയാക്കിയ ശേഷവും കേരളത്തിലെ രണ്ടാം നിര നേതാക്കളോടും യുവാക്കളോടുമുള്ള വോട്ടഭ്യര്‍ഥന തുടരാനാണ് തരൂരിന്റെ തീരുമാനം.

K editor

Read Previous

കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാത; സർവേക്കിടെ സംഘർഷം

Read Next

ഉത്തരാഖണ്ഡ് ഹിമപാതം; മരണം 19, ഇതുവരെ രക്ഷിച്ചത് 14 പേരെ