സിനിമയിലെ ആണധികാരം

മലയാള സിനിമാരംഗത്ത് കൊടികുത്തി വാഴുന്ന ആണധികാര രാഷ്ട്രീയത്തിനെതിരെയുള്ള കലഹമാണ് ചലചിത്ര നടി പാർവ്വതി താര സംഘടനയിൽ നിന്നും രാജിവെച്ചതോടെ പ്രകടമായിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ താര സിംഹാസനങ്ങളിൽ ഗർവ്വോടെ അമർന്നിരിക്കുന്ന സ്വയം പ്രഖ്യാപിത താരങ്ങളുടെ അധികാര ഗർവ്വിനോട് കലഹിച്ച പാർവ്വതി കാണിച്ചത് അസാമാന്യമായ തന്റേടമാണ്.


ക്വട്ടേഷൻ സംഘത്തിന്റെ മാനഭംഗത്തിനിരയായ ചലചിത്ര നടിയെപ്പറ്റി മലയാള സിനിമയിലെ രണ്ടാം നിര നടനും ചലച്ചിത്ര താരസംഘടനയുടെ ഭാരവാഹിയുമായ ഇടവേള ബാബു നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് പാർവ്വതി തിരുവോത്ത് എന്ന നടി താര സംഘടനയിൽ നിന്നും രാജി വെച്ചത്. താര സംഘടനാ ഭാരവാഹിയായ നടനിൽ നിന്നും മാനഭംഗത്തിനിരയായ നടിക്ക് നേരെയുണ്ടായ പരാമർശം നിന്ദ്യവും, മാന്യതയില്ലാത്തതുമായിപ്പോയെന്ന് പറയാതെ വയ്യ.


പുരുഷ കേന്ദ്രീകൃതമായ മലയാള സിനിമ സ്ത്രീകളെ എങ്ങിനെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണം നടിയുടെ കേസുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളിലും കോടതി നടപടികളിലും വ്യക്തമായതാണ്. അങ്ങേയറ്റം ലജ്ജാകരമായ നിലപാടാണ് ചലചിത്ര നടികൾ പോലും ഇരയാക്കപ്പെട്ട നടികയോട് കാണിച്ചതെന്നത് സാസ്ക്കാരിക കേരളത്തിന് തന്നെ അപമാനമാണ്.


ഇന്ത്യൻ സിനിമയിൽ ഇന്നേ വരെ സംഭവിച്ചിട്ടില്ലാത്ത വിധത്തിലാണ് മലയാള സിനിമയിലെ ഒരു യുവ നായികയെ സഹപ്രവർത്തകനായ മറ്റൊരു നടൻ ക്വട്ടേഷൻ കൊടുത്ത് മാനഭംഗത്തിനിരയാക്കിയത്. സംഭവം നടന്നത് മുതൽ കുറ്റാരോപിതനായ നായകനെ വെള്ള പൂശാനാണ് മലയാള സിനിമയിലെ സ്ത്രീ– പുരുഷ നടൻമാർ ഭൂരിഭാഗവും വിയർപ്പൊഴുക്കിയത്.


ഇവരിൽ നിന്നും വ്യത്യസ്തമായി ചില ഒറ്റപ്പെട്ട ശബ്ദങ്ങളുയർന്നിരുന്നെങ്കിലും ആ ശബ്ദങ്ങളെയെല്ലാം സംഘടനയുടെ അധികാരമുപയോഗിച്ച് നിശ്ശബ്ദമാക്കാൻ ചരട് വലിച്ച സംഘടനാ ഭാരവാഹിയാണ് ഇരയാക്കപ്പെട്ട നടിക്കെതിരെ പുതിയ പ്രസ്താവനുമായി രംഗത്തെത്തിയത്. ആണധികാരഹൂങ്കിന്റെ ശബ്ദങ്ങൾക്കെതിരെ തന്റെ രാജിവഴി പ്രതിഷേധിച്ച പാർവ്വതി സിനിമയിലെ പുരുഷാധിപത്യ പ്രവണതകൾക്കെതിരെ കൂടിയാണ് കലഹിച്ചിരിക്കുന്നത്.


അതുല്യ കലാകാരനായ തിലകനെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് ബഹിഷ്കൃതമാക്കിയ അധികാരഹുങ്കാണ് താര സംഘടന ഇരയാക്കപ്പെട്ട നടിയോടും കാണിച്ചത്. ഇരയ്ക്കൊപ്പം നിന്ന് സാന്ത്വനമാകേണ്ടതിന് പകരം വേട്ടക്കാരന് സ്തുതി ഗീതങ്ങൾ രചിച്ചും, കൈയടിച്ച് പ്രോത്സാഹിപ്പിച്ചും താരസംഘടന മലയാളി സമൂഹത്തിന് മുന്നിൽ അപഹാസ്യരായിത്തീർന്നതാണ്. ഇരയാക്കപ്പെട്ട നടിയോട് അനുഭാവം കാണിച്ചില്ലെങ്കിലും വീണ്ടും വീണ്ടും വാക്കുകൾ കൊണ്ട് കുത്തിനോവിക്കാതിരിക്കാനെങ്കിലും താരസംഘടനാ ഭാരവാഹികൾ ശ്രമിക്കേണ്ടതാണ് .


സഹപ്രവർത്തകരോട് അങ്ങേയറ്റം, മാന്യതയും, സ്നേഹവും പ്രകടിപ്പിച്ചിരുന്ന സത്യനും നസീറുമടക്കമുള്ള താരങ്ങൾ വിളങ്ങിയ മലയാള സിനിമ അവിടെ നിന്നും വർഷങ്ങൾ പിന്നിടുമ്പോൾ എത്രമാത്രം സ്ത്രീ വിരുദ്ധമായെന്ന് പരിശോധിക്കേണ്ടത് താരസംഘടന തന്നെയാണ്. അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം താരസംഘടനയുടെ പേരെങ്കിലും മാറ്റുന്നതായിരിക്കും നല്ലത്.

LatestDaily

Read Previous

തടവ് ചാടിയ കോവിഡ് രോഗിയെ കുറിച്ച് വിവരമില്ല

Read Next

അനശ്വര വസ്ത്രാലയം തൊഴിൽ തർക്കം ഒത്തുതീർന്നു