വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 10.30 മുതൽ കൊച്ചിയിലെ സിബിഐ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 3.30ഓടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങിയ എം ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.

ഫ്ളാറ്റ് നിർമ്മാണത്തിന് കരാർ നൽകാൻ കരാറുകാരിൽ നിന്ന് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് സി.ബി.ഐയുടെ ചോദ്യം ചെയ്യൽ. തന്‍റെ പക്കൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലി തുകയാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ കേസിൽ ശിവശങ്കർ ആദ്യമായാണ് സി.ബി.ഐക്ക് മുന്നിൽ ഹാജരായത്. സ്വപ്നയെയും സരിത്തിനെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.  കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Read Previous

റവന്യുകമ്മി സഹായധനം പ്രഖ്യാപിച്ചു; കേരളത്തിന് 1097.83 കോടി

Read Next

വടക്കഞ്ചേരി വാഹനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് ഉടനെന്ന്​ ആന്റണി രാജു