ബസ്സപകടത്തിൽ മരിച്ചവരിൽ ബളാന്തോട് സ്വദേശിനിയുടെ മകളും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : എറണാകുളത്ത് നിന്നും ഉൗട്ടിയിലേക്ക് പോയ വിനോദ യാത്രാ ബസ് പാലക്കാട് വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസ്സിലിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ പാണത്തൂർ ബളാന്തോട് സ്വദേശിനിയുടെ മകളും. ഇന്നലെ അർധരാത്രിയോടെയാണ് വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികളെയും കയറ്റി  വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് 9 പേരുടെ അന്തകനായത്.

അമിത വേഗതയിലെത്തിയ ടൂറിസ്റ്റ്  ബസ്സ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. പാണത്തൂർ ബളാന്തോട് മുരഞ്ചേരിയിലെ ഷൈനുവിന്റെയും എറണാകുളം സ്വദേശി ജോസിന്റെയും മകളായ എൽനാ ജോസാണ് ഇന്നലെ അർധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ബളാന്തോട് സ്വദേശിനിയായ ഷൈനു ഭർത്താവിനൊപ്പം എറണാകുളത്താണ് താമസം. ഷൈനുവിന്റെ മകൾ വടക്കാഞ്ചേരി വാഹനാപകടത്തിൽ മരിച്ച വിവരം ഇന്ന് പുലർച്ചെയോടെയാണ് ബളാന്തോട്ടെ വീട്ടിലറിഞ്ഞത്. എൽനാ ജോസിന്റെ മരണവിവരമറിഞ്ഞ് ഷൈനുവിന്റെ രക്ഷിതാക്കളും ബന്ധുക്കളും എറണാകുളത്തേക്ക് പോയിട്ടുണ്ട്. എറണാകുളം വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതനിലെ വിദ്യാർത്ഥിനിയാണ് എൽന ജോസ്.

LatestDaily

Read Previous

കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

Read Next

തൃക്കരിപ്പൂർ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്