ഉല്ലാസ നൗകകൾക്ക് ഉത്തരവു ലഭിച്ചില്ല, അഞ്ചുപേരെ കയറ്റി ഓടാനില്ല

നീലേശ്വരം: കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള ഉല്ലാസ നൗകകൾക്ക് പുഴയിലിറക്കാനുള്ള ഉത്തരവ് ഡിടിപിസി ഇനിയും നൽകിയില്ല. സർക്കാറിന്റെ ടൂറിസം വകുപ്പ് ഉല്ലാസ നൗകകൾ പുഴയിലിറക്കുന്നതിന് ഒരു മാസം മുമ്പ് പച്ചക്കൊടി വീശിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഉല്ലാസ നൗകകൾ പുഴയിലിറക്കാമെന്ന് വെളിപ്പെടുത്തിയിരുന്നുവെങ്കിലും, രേഖാമൂലമുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ല.


കോട്ടപ്പുറം കേന്ദ്രീകരിച്ച് ചെറുതും വലുതുമായ 26 ഉല്ലാസ നൗകകൾ സന്ദർശകരെ കാത്തു കിടക്കുകയാണ്. കഴിഞ്ഞ 7 മാസക്കാലമായി ഉല്ലാസ നൗകകൾ മുഴുവൻ കരയ്ക്കടുപ്പിച്ച് നിർത്തിയിട്ടിരിക്കയാണ്. ഒരു നൗകയിൽ ചുരുങ്ങിയത് അഞ്ചു തൊഴിലാളികൾ സേവനം ചെയ്യുന്നുണ്ട്. ഈ തൊഴിലാളികളത്രയും തൊഴിലില്ലാതെ കഴിഞ്ഞ ഏഴു മാസക്കാലമായി ദുരിതത്തിലാണ്.


കോട്ടപ്പുറം, കടിഞ്ഞിമൂല, ഓരി പടന്ന, പടന്നക്കടപ്പുറംഎന്നീ ജട്ടികൾ കേന്ദ്രീകരിച്ചാണ് 26 ഉല്ലാസ നൗകകളും ഓടിയിരുന്നത്. ഇതിൽ ഭൂരിഭാഗം നൗകകളും കോട്ടപ്പുറം കേന്ദ്രീകരിച്ചാണ് ഓടിക്കൊണ്ടിരുന്നത്. നൂറു പേർക്ക് സമ്മേളനം നടത്താൻ സൗകര്യമുള്ള ഉല്ലാസ നൗകകൾ കോട്ടപ്പുറത്തിന്റെ പ്രത്യേകതയാണ്. ഒരു നൗകയിൽ 5 പേരെ കയറ്റി യാത്ര തുടരാമെന്നാണ് ഡിടിപിസി നിർദ്ദേശം. ചുരുങ്ങിയത് 10 പേരെയെങ്കിലും കയറ്റാതെയുള്ള യാത്ര തീർത്തും നഷ്ടമാണ്.

LatestDaily

Read Previous

വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാരുടെ പോര്, ഡോ. ടി.വി. പത്മനാഭനെതിരെ ഡോ. സുബ്രഹ്മണ്യ ഭട്ട് പോലീസിൽ പരാതി നൽകി

Read Next

വേണുവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താൻ പോലീസ് ദൃശ്യങ്ങൾ ശേഖരിച്ചു