ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ താൻ ആളല്ലെന്നും, മനസാക്ഷി വോട്ടാണെന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു.
“ജനാധിപത്യ തിരഞ്ഞെടുപ്പിൽ, അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിൽ ആർക്കും പരാതിയില്ല. ശശി തരൂരും ഞാനും രാവിലെ സംസാരിച്ചു. ഞങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്റുവിന്‍റെ സ്ഥാനാർത്ഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. അതാണ് കോൺഗ്രസിന്‍റെ ചരിത്രം. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ മുഖമാണ്. കോൺഗ്രസ് അതിലേക്ക് പോകുമ്പോൾ അസൂയപ്പെടേണ്ടതില്ല. മാധ്യമങ്ങൾക്ക് ആശങ്ക വേണ്ട. കേരളത്തിന്‍റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണ്?”, സുധാകരൻ ചോദിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ മുരളീധരൻ എന്നിവരെല്ലാം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം കഠിനാധ്വാനത്തിലൂടെ താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന ഖാർഗെയാണ് മികച്ചതെന്നാണ് തന്റെ അഭിപ്രായമെന്ന് കെ മുരളീധരൻ പറഞ്ഞു. എന്ന് വെച്ച് തങ്ങളാരും തരൂരിന് എതിരല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അദ്ദേഹത്തിന് സാധാരണ ജനങ്ങളുമായി ബന്ധം അൽപം കുറവാണ്. അദ്ദേഹം വളർന്നുവന്ന സാഹചര്യം അങ്ങനെയാണ്. അതിനെ കുറ്റം പറയാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.