വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാരുടെ പോര്, ഡോ. ടി.വി. പത്മനാഭനെതിരെ ഡോ. സുബ്രഹ്മണ്യ ഭട്ട് പോലീസിൽ പരാതി നൽകി

കാഞ്ഞങ്ങാട്: ഡോക്ടർമാർ തമ്മിൽ വാട്സാപ്പ് ഗ്രൂപ്പ് യുദ്ധം മുറുകിയതോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രി മുൻ സൂപ്രണ്ടും, ഐഎംഏ.  എത്തിക്സ് കമ്മിറ്റി ആന്റ് ക്വാക്കറി ചെയർമാനുമായ ഡോ. ടി.വി. പത്മനാഭനെതിരെ, കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്കാനിംഗ് സെന്ററിലെ ഡോ. സുബ്രഹ്മണ്യ ഭട്ട് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.


ഡോക്ടേഴ്സ് അറ്റ് കാഞ്ഞങ്ങാട് ഡോട്ട് കോം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ മാസം ഒമ്പതിന് ഡോക്ടർമാർ തമ്മിൽ നടന്ന പോരാണ് പോലീസിലെത്തിയത്.
ഡോ. ടി.വി. പത്മനാഭൻ നൽകിയ പരാതിയിൽ ഡോ. സുബ്രഹ്മണ്യ ഭട്ടിനെ പ്രതി ചേർത്ത് ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. പത്മനാഭനെതിരെ പരാതിയുമായി ഡോ. ഭട്ടും രംഗത്ത് വരികയായിരുന്നു. തന്നെ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് തന്തയില്ലാത്തവനെന്ന് ഡോ. ഭട്ട് ഡോക്ടേഴ്സ് അറ്റ് കാഞ്ഞങ്ങാട്ട് ഡോട്ട് കോം എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ വിളിച്ചതായാണ് ഡോ. പത്മനാഭന്റെ പരാതി.


ഇതേ ഭാഷ ഉപയോഗിച്ച് ഡോ. പത്മനാഭൻ തന്നെ അസഭ്യം പറഞ്ഞതായി ഡോ. സുബ്രഹ്മണ്യ ഭട്ട് ഹോസ്ദുർഗ്ഗ് പോലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പത്മനാഭനെതിരെ കേസുൾപ്പെടെ തുടർ നടപടി ആവശ്യമുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഡോ. ഭട്ടിനോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഭട്ടിനെതിരെ പത്മനാഭന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും കോടതി നിർദ്ദേശത്താലായിരുന്നു.


എംബിബിഎസ് ബിരുദധാരിയായ ഡോ. സുബ്രഹ്മണ്യൻ കൺസൾട്ടന്റ് സോണോളജിസ്റ്റെന്ന പേരിൽ സ്കാനിംഗ് റിപ്പോർട്ട് നൽകുന്നതായി കാണിച്ച് മെഡിക്കൽ കൗൺസിലിന്റെ മുന്നിൽ പത്മനാഭൻ പരാതി ഉന്നയിച്ചിരുന്നു. ഈ പ്രശ്നത്തെ ഏറ്റുപിടിച്ചായിരുന്നു കാഞ്ഞങ്ങാട് ഒരു കൂട്ടം ഡോക്ടർമാർ മാത്രം അംഗമായിട്ടുള്ള ഡോക്ടേഴ്സ് അറ്റ് കാഞ്ഞങ്ങാട് ഡോട്ട് കോം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാർ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും, തന്തയ്ക്ക് വിളിയുണ്ടായതും.

LatestDaily

Read Previous

മൽസ്യത്തൊഴിലാളിയുടെ ദുരൂഹ മരണം ഓഡിറ്റോറിയത്തിൽ രക്തക്കറ

Read Next

ഉല്ലാസ നൗകകൾക്ക് ഉത്തരവു ലഭിച്ചില്ല, അഞ്ചുപേരെ കയറ്റി ഓടാനില്ല