തരൂരിനെ മാറ്റി പകരം ശിവസേന നേതാവ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ന്യൂഡല്‍ഹി: പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഡോ. ശശി തരൂർ എംപിയെ മാറ്റി. ശിവസേന നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി സ്റ്റാൻഡിങ് കമ്മിറ്റിക്ക് പുറമെ ആഭ്യന്തര കാര്യം, ശാസ്ത്ര സാങ്കേതികം ഉൾപ്പെടെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റിയിട്ടുണ്ട്.

പുതിയ ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബിജെപി രാജ്യസഭാ എംപി ബ്രിജ്ലാലിനെയും, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ബിജെപി എം പി വിവേക് താക്കൂറിനെയും തെരഞ്ഞെടുത്തു. ശാസ്ത്ര സാങ്കേതിക, വനം പരിസ്ഥിതി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ കോൺഗ്രസ് എം പി ജയറാം രമേശ് ആണ്.

ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, സ്പീക്കർ ഓം ബിർളയ്കടക്കം കത്ത് അയക്കുകയും ചെയ്തിരുന്നു.

നേരത്തെ സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ പേരിൽ ഇന്ത്യയിലെ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികളെ തരൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭിക്കാൻ ട്വിറ്ററിന് മേൽ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തി എന്ന ആരോപണത്തിൽ കമ്പനി പ്രതിനിധിയെ വിളിച്ചുവരുത്തി കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ചെയർമാൻ പദവിയിൽ നിന്ന് തരൂരിനെ നീക്കണമെന്ന് സമിതിയിലെ ബിജെപി അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്.

K editor

Read Previous

ഇന്ത്യയിലെ റൂപേ കാര്‍ഡുകള്‍ ഇനി ഒമാനിലും; പ്രവാസികള്‍ക്ക് ഗുണം ചെയ്യും

Read Next

വിജയദശമി ആശംസകൾ നേർന്ന് മോഹൻലാൽ