തിരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: കെ സുധാകരനെ നേരില്‍ കാണുമെന്ന് തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായ പ്രവർത്തകരുടെയും യുവനിരയുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായി ശശി തരൂർ. കോണ്‍ഗ്രസ് പാർട്ടിയിൽ മാറ്റം ആവശ്യമാണെന്നും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്നുമാണ് പ്രവർത്തകർ നൽകുന്ന പ്രതികരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കേരളത്തിൽ പ്രചരണത്തിനെത്തിയതായിരുന്നു തരൂർ.

“കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ല. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പിസിസി പ്രസിഡന്റുമാര്‍ പരസ്യപിന്തുണ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശമുള്ളത്. ഒരുപക്ഷെ കെ സുധാകരന്‍ അതറിഞ്ഞിട്ടുണ്ടാവില്ല. കെ സുധാകരനെ നേരില്‍ കണ്ട് സംസാരിക്കും.” അദ്ദേഹം പറഞ്ഞു.

രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടാകുമ്പോൾ, രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകും. അതാണ് തിരഞ്ഞെടുപ്പിന്‍റെ സൗന്ദര്യവും. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയും ഗുണത്തിന് വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി തിരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Previous

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

Read Next

രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി