കഞ്ചാവ് കടത്തിൽ കാരാട്ട് നൗഷാദും കൂട്ടാളിയും റിമാന്റിൽ

നീലേശ്വരം: കഞ്ചാവുമായി പിടിയിലായ പ്രതികളെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റിൽ വെയ്ക്കാൻ ഉത്തരവിട്ടു.  10 കിലോ കഞ്ചാവുമായി നീലേശ്വരം പോലീസ് പിടികൂടിയ കാരാട്ട് നൗഷാദിനെയും കൂട്ടാളി കാസർകോട് തളങ്കരയിലെ ഷംസുദ്ദീനെയുമാണ് കോടതി റിമാന്റ് ചെയ്തത്.


കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ചീമേനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കാരാട്ട് നൗഷാദിനെയും കൂട്ടാളിയെയും നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പള്ളിക്കര ചെമ്മാക്കരയിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.


വാഹന പരിശോധനയ്ക്കിടെ ചീമേനി ഐപി.അനിൽകുമാർ കൈകാണിച്ച് നിർത്താതെ പോയ കാറിനെക്കുറിച്ച് നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷനുകളിലേക്ക് വിവരമറിയിച്ചിരുന്നു.  ഇതോടെ റോഡിൽ ജാഗ്രതയോടെ കാത്തുനിന്ന പോലീസ് പള്ളിക്കരയിൽ കാർ തടഞ്ഞു നിർത്തി. കാർ നിർത്തിയ ഉടനെ കാരാട്ട് നൗഷാദും ഷംസുദ്ദീനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പള്ളിക്കര ചെമ്മാക്കരയിൽ പോലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും കീഴ്പ്പെടുത്തി.


പള്ളിക്കരയിൽ നിന്ന് നീലേശ്വരം താലൂക്കാശുപത്രിയിലേക്കുള്ള റോഡ് വഴി കാറോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവുമായെത്തിയ കാർ പോലീസ് തടഞ്ഞു നിർത്തിയത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്തു നിന്നും 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ ഇരുവരെയും ഇന്നലെത്തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു.


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരാട്ട് നൗഷാദ് കോട്ടച്ചേരിയിലെ ബാർബർഷോപ്പിൽ ആക്രമം നടത്തിയ കേസിൽ റിമാന്റിലായി കഴിഞ്ഞയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടു വന്നത് എന്നതിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടില്ല.


കാരാട്ട് നൗഷാദിനെയും, കൂട്ടാളി ഷംസുദ്ദീനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി മഹേഷ് പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമാകുകയുള്ളു.

LatestDaily

Read Previous

പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല: വധശ്രമത്തിനിരയായ വ്യാപാരി പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും

Read Next

മാന നഷ്ടക്കേസിൽ മുൻസിഫ് കോടതി വിധിക്കെതിരെ അപ്പീൽ സായാഹ്ന പത്രം പത്രാധിപരും ലേഖകനും, കോടതിയിൽ ഹാജരാവണം