പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല: വധശ്രമത്തിനിരയായ വ്യാപാരി പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരമിരിക്കും

കാഞ്ഞങ്ങാട്: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വധശ്രമക്കേസ്സ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അക്രമത്തിനിരയായ വ്യാപാരി പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബ സമേതം നിരാഹാരമിരിക്കും. കാഞ്ഞങ്ങാട്ടെ വ്യാപാരി കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് അസ്ലമാണ് 44, ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരത്തിനൊരുങ്ങുന്നത്.


പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം സ്റ്റേഷന് മുന്നിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നിരാഹാരമിരിക്കുമെന്ന് യുവാവ് വ്യക്തമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദിന്, അസ്്ലം കത്ത് നൽകിയിട്ടുണ്ട്. ജുലായ് 13-ന് വൈകീട്ടാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ ബാവ നഗർ റോഡിൽ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത്. ബാവ നഗർ സ്വദേശികളായ അഫ്സൽ 19, എൻ. സുഹൈൽ 19, അനസ്സ് 20, റബിഷ് 20, എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു.


കൈയ്യെല്ല് തകർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തതോടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായെത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും, പ്രതികൾ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ തയ്യാറായില്ല. പ്രതികളുടെ വീട്ടിലുൾപ്പടെ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

ഹൈക്കോടതിയെയും, പോലീസിനെയും വെല്ലുവിളിച്ച് മുസ്ലീം ലീഗ് പ്രവർത്തകരായ പ്രതികൾ നാട്ടിൽ തന്നെ കറങ്ങി നടക്കുന്നത് പോലീസിന്റെയും, പ്രാദേശിക ലീഗ് നേതാക്കളുടെയും സംരക്ഷണയിലാണെന്നാരോപിച്ചാണ് അസ്്ലം സ്റ്റേഷന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുന്നത്.

LatestDaily

Read Previous

പടന്ന ചകിരിക്കമ്പനിയുടെ മറവിൽ 7.5 കോടിയുടെ നിക്ഷേപത്തട്ടിപ്പ്

Read Next

കഞ്ചാവ് കടത്തിൽ കാരാട്ട് നൗഷാദും കൂട്ടാളിയും റിമാന്റിൽ