കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ പകർന്നു തന്ന ഗുരുസ്ഥാനീയനും സർവ്വോപരി എന്നും മുന്നിൽ മാതൃകയായി നടന്ന ഒരു സഖാവുമായിരുന്നു. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്‍റെ സഖാവായിരുന്നു.

അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് നിയോഗമായി കരുതുന്നുവെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരിക്കലും നികത്താനാകാത്ത ഒരു വിടവാണ് ഈ വിയോഗം. അങ്ങ് പകർന്നുനൽകിയ പാഠങ്ങൾ എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്‍റെ ആദരാഞ്ജലിയെന്നും നിയമസഭാ സ്പീക്കർ കുറിപ്പിൽ പറഞ്ഞു. 

അർബുദവുമായുള്ള ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി സി.പി.എം സംസ്ഥാന നേതൃനിരയിൽ അമരക്കാരനായിരുന്ന കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും. മൂന്ന് തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചത്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായിട്ടുണ്ട്.

Read Previous

‘യാത്ര ചെയ്യാൻ ട്രാക്ടർ ഉപയോ​ഗിക്കരുത്’; ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി ‌‌യോ​ഗി ആദിത്യനാഥ്

Read Next

നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു