അജയ് ദേവ്‍ഗണിന്റെ ‘മൈദാൻ’ റിലീസ് പ്രഖ്യാപിച്ചു

അടുത്തിടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ അജയ് ദേവ്ഗൺ. ‘തനാജി: ദ അണ്‍സംഗ് വാര്യര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് ദേവ്ഗൺ മികച്ച നടനുള്ള പുരസ്കാരം നേടിയത്. അജയ് ദേവ്ഗണിനൊപ്പം ‘സൂരറൈ പൊട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു.  നിരവധി തവണ മാറ്റിവച്ച അജയ് ദേവ്ഗണിന്‍റെ ‘മൈദാൻ’ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അജയ് ദേവ്ഗൺ നായകനായ ‘മൈദാൻ’ 2023 ഫെബ്രുവരി 17ന് റിലീസ് ചെയ്യും. അമിത് രവിന്ദെര്‍നാഥ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാർ കാന്തി റായ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിന്‍റെ സുവർണ കാലഘട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഫുട്ബോൾ പരിശീലകൻ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനെയാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത്.  1951 ലും 1992 ലും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പരിശീലകനായിരുന്നു സെയ്‍ദ് അബ്ദുൾ റഹ്മാൻ.

റൺവേ 34 ആയിരുന്നു നടൻ്റെ അവസാനം റിലീസ് ചെയ്ത ചിത്രം. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ വലിയ പ്രതികരണം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

K editor

Read Previous

ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Read Next

അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങി ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും