‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ് എന്‍റർടെയ്നറായ ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്കിൽ, ദുൽഖർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തീപ്പൊരി ലുക്കിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കിംഗ് ഓഫ് കൊത്ത ഒരു മാസ് എന്‍റർടെയ്നർ ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ദുൽഖറിന്‍റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. ദുൽഖറിനൊപ്പം വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ പ്രൊഡക്ഷൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വെഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.

Read Previous

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

Read Next

5ജി നടപ്പാക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ധർമേന്ദ്ര പ്രധാൻ