പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ വർഷം ഡിസംബർ 22ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഉത്തരവിട്ടിരുന്നു. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് തോന്നയ്ക്കലിൽ വച്ചാണ് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത പെൺകുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചത്. ഐ.എസ്.ആർ.ഒ റോക്കറ്റിന്‍റെ ഭാഗങ്ങൾ വലിയ വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് കുട്ടി പിതാവുമൊത്ത് ദേശീയപാതയിലെത്തിയത്. മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥ രജിത കുട്ടിയെ അധിക്ഷേപിക്കുകയായിരുന്നു. പിങ്ക് വാഹനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ പിന്നീട് കണ്ടെടുത്തു. എട്ടുവയസുകാരി മോഷ്ടിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും പരസ്യമായ അധിക്ഷേപത്തെ തുടർന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. വാർത്ത പുറത്ത് വന്നതോടെ റൂറൽ എസ്.പി അന്വേഷണം നടത്തി. 

കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുങ്ങി. നടപടി വിവാദമായതോടെ ദക്ഷിണമേഖലാ ഐജി ഇക്കാര്യം അന്വേഷിച്ചു. ഉദ്യോഗസ്ഥയ്ക്ക് നൽകേണ്ട പരമാവധി ശിക്ഷ നൽകി എന്നായിരുന്നു ഐജിയുടെ റിപ്പോർട്ട്.  ഇതിനെതിരെയാണ് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. അധിക്ഷേപത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 

K editor

Read Previous

നരബലി നടത്തിയാൽ നിധി കിട്ടുമെന്ന് കരുതി കർഷകനെ തലക്കടിച്ച് കൊന്ന് മന്ത്രവാദി

Read Next

‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത്