ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താൻ പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂർ എംപി. പാർട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് രംഗത്തിറങ്ങിയ തിരുത്തൽവാദി സംഘം (ജി 23) ഹൈക്കമാൻഡിന്‍റെ പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. തങ്ങൾ പറഞ്ഞ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ഖാർഗെയെ പിന്തുണച്ചതായിരിക്കാമെന്നാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. പ്രകടന പത്രികയിലെ ഭൂപടത്തിലെ പിശക് മനപ്പൂർവ്വമല്ലെന്നും തെറ്റിന് നിരുപാധികം മാപ്പ് പറയുന്നെന്നും തരൂർ പറഞ്ഞു. പ്രകടന പത്രികയിൽ ചേർത്ത ഭൂപടത്തിൽ പാക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്സായി ചിന്നും ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് തന്റെ സ്ഥാനാർഥിത്വം. ഖാർഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. താന്‍ പുതിയ ചിന്താധാരയെന്നും തരൂര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഖാർഗെയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. എ.കെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുടെ അഭിപ്രായമാണ് സോണിയ തേടിയത്. ഖാർഗെയുടെ പത്രികകളിലൊന്നിൽ ഒപ്പിട്ടത് ആന്‍റണിയാണ്. കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് ഹൈക്കമാൻഡിന്‍റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പിൻവാങ്ങിയിരുന്നു. ജി 23 സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൈവിട്ടാണ് ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചൗഹാൻ എന്നിവർ ഖാർഗെയ്ക്കൊപ്പം നിന്നത്.
23 പേരുണ്ടായിരുന്ന സംഘം കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നീ നേതാക്കൾ പാർട്ടി വിട്ടതോടെ ദുർബലമായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങിയെങ്കിലും ജി 23 എന്നാണ് ഇന്നും അറിയപ്പെടുന്നത്. ജി 23 സംഘത്തിന്റെയാളല്ല, എല്ലാവരുടെയും പ്രതിനിധിയാണെന്ന് വ്യക്തമാക്കിയാണ് തരൂർ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്.