നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ

ന്യൂ ഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു.
നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. 

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ പാട്ട് ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പാട്ടെന്ന് ലിനു ചോദിച്ചിരുന്നു.
ഒരു മാസത്തെ സമയം നൽകിയാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ ഗാനം പോലും പാടാൻ കഴിയില്ലെന്നും ഈ അംഗീകാരം സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ വിമര്‍ശിച്ചിരുന്നു. 

K editor

Read Previous

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

Read Next

സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്