റിസോർട്ട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം: പടന്നക്കാട് യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ : ബേക്കൽ കോട്ടയ്ക്ക് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയായ പടന്നക്കാട് സ്വദേശിയെ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുമായി പോലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷനിലാണ് യുവാവിനെ പിടികൂടിയത്. ബേക്കൽ ഡിവൈഎസ്പി. സി.കെ. സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റിസോർട്ട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഡിവൈഎസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്,ഐ, കെ. സാലിം എന്നിവരുടെ നേതൃത്വത്തിൽ റിസോർട്ടിൽ നടത്തിയ റെയ്ഡിലാണ് പടന്നക്കാട് ബിസ്മില്ലാ മൻസിലിൽ മുഹമ്മദ്കുഞ്ഞിയുടെ മകൻ റിയാസിനെ 75 ഗ്രാം എംഡിഎംഡിഏ, 5 ഗ്രാം ഹാഷിഷ് എന്നിവയുമായി പിടികൂടിയത്. ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് 27 കാരനായ റിയാസ്.

ബേക്കൽ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കോട്ടയ്ക്ക് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് ബേക്കൽ പോലീസ് യുവാവിനെ കുടുക്കിയത്. ബേക്കൽ പാലക്കുന്നിൽ നടന്ന ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി മയക്കുമരുന്ന് ഇടപാടിന് പിന്നിലെ വൻ റാക്കറ്റുകളെ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബേക്കലിൽ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരി മാഫിയാ സംഘാംഗത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

ബേക്കൽ എസ്ഐമാരായ രാമചന്ദ്രൻ, ജോൺ,  സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവരുമുണ്ടായിരുന്നു.

LatestDaily

Read Previous

പോപ്പുലർ ഫ്രണ്ട് നിരോധനം ചോദിച്ചു വാങ്ങിയത്

Read Next

ഐഎൻഎൽ അസംതൃപ്ത ഗ്രൂപ്പിന്റെ രഹസ്യയോഗം അടുത്തയാഴ്ച