ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ലെഫ്. ജനറൽ അനിൽ ചൗഹാൻ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി. ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ലെഫ്. ജനറല്‍ അനില്‍ ചൗഹാന് ചുമതല ഏറ്റെടുത്തു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. ആദ്യ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഈ പദവിയിലേക്ക് ജനറൽ അനിൽ ചൗഹാനെ നിയമിക്കുന്നത്. സി.ഡി.എസിനൊപ്പം സൈനികകാര്യ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കും. അഗ്നീപഥ് പദ്ധതിയുടെ നടത്തിപ്പും ഇന്ത്യ-ചൈന അതിർത്തിയിലെ കമാൻഡർ തല ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് നിയമനം.
പുതിയ നിയമനത്തിന് സർക്കാരിനോടും ജനങ്ങളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാനുള്ള നടപടികളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും നാം അതിജീവിക്കും. അഭിമാനത്തോടെ ഈ സ്ഥാനം ഏറ്റെടുക്കുന്നു. മൂന്ന് സേനകളുടേയും ലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുമെന്നും സിഡിഎസ് ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.