സ്വപ്നം യാഥാർത്ഥ്യമാകണം

ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമ്മാണോദ്ഘാടനത്തിന് തീയതി കുറിച്ചതോടെ കാസർകോട് ജില്ലയ്ക്ക് ശാപമായ ദേശീയപാതയ്ക്ക് ശാപമോക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജില്ലയിലെ ദേശീയപാത മുഴുവൻ തകർന്ന് പാതാളക്കുഴികളായതിനാൽ പ്രത്യേകിച്ചും.


ആദ്യഘട്ടത്തിൽ തലപ്പാടി ചെങ്കള- റീച്ചിന്റെ നിർമ്മാണ പ്രവൃത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചെങ്കള- നീലേശ്വരം റീച്ചിന്റെയും, പിന്നീടുള്ള ഘട്ടങ്ങളിൽ നീലേശ്വരം- തളിപ്പറമ്പ്, തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചുകളുടെയും നിർമ്മാണമാണ് നടക്കുക.


ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടർന്ന് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാരാണ് പൂർത്തീകരിച്ചത്. ആറുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ കുണ്ടും
കുഴിയുമില്ലാത്ത റോഡെന്ന അത്യുത്തര കേരളത്തിന്റെ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്.


ജില്ലയിൽ കാസർകോട് മുതൽ സംസ്ഥാനാതിർത്തിയായ തലപ്പാടി വരെയുള്ള ദേശീയപാതയുടെ അവസ്ഥ അതീവ ശോചനീയമാണ്.
ഇത് വഴി ആദ്യമായി വാഹനമോടിച്ചെത്തുന്നവർ വഴിയേത്, കുഴിയേത് എന്നറിയാതെ ദിഗ്്ഭ്രമത്തിലകപ്പെടും. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ പോകുന്നവർക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രം ഉറ്റവരുടെ ജീവൻ തിരിച്ചുപിടിക്കാമെന്ന അവസ്ഥയാണ് നിലവിൽ.


ഉത്തര കേരളത്തിലെ ദേശീയപാതയുടെ അവസ്ഥ പഴയ കാളവണ്ടി യുഗത്തിലെ റോഡുകളുടെ അവസ്ഥ തന്നെയാണ്. ദേശീയപാതയുടെ നിർമ്മാണച്ചുമതല കേന്ദ്ര സർക്കാറിനായതിനാൽ, മാറി മാറി വരുന്ന സർക്കാരുകൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല താനും. റോഡ് നികുതിയെന്ന പേരിലും, വാഹന നികുതിയെന്ന പേരിലും കോടികൾ പിരിച്ചെടുക്കുന്ന സർക്കാർ റോഡുകളുടെ ഗുണനിലവാരത്തിൽ കുറ്റകരമായ മൗനത്തിലുമാണ്.


ദേശീയപാത ആറുവരിയാകുന്നതോടെ റോഡുകളിലെ സ്ഥിരമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകും. റോഡപകടങ്ങൾ കുറയ്ക്കാനും, ഇതുവഴി കഴിയുമെന്ന നേട്ടവുമുണ്ട്. നികുതി കൊടുക്കുന്ന പൊതുജനത്തിന് മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്.
ദേശീയപാതാ വികസനത്തിന് പച്ചക്കൊടി കാണിച്ച കേന്ദ്രഗവൺമെന്റിന്റെ നടപടി ശ്ലാഘനീയമാണ്. അതുപോലെ തന്നെ ദേശീയപാതാ വികസനത്തിന് പശ്ചാത്തല സൗകര്യമൊരുക്കിയ സംസ്ഥാന സർക്കാരും അഭിനന്ദനമർഹിക്കുന്നു.


ദേശീയപാതാ വികസനത്തിന് വിലങ്ങുതടിയായി നിന്ന പ്രതിബന്ധങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തിൽ ആറുവരിപ്പാതയുടെ നിർമ്മാണം സമയബന്ധിതമായിത്തന്നെ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രഖ്യാപിച്ച പദ്ധതി കടലാസിലൊതുങ്ങാതെ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പ് നൽകേണ്ടത് കേന്ദ്രസർക്കാരാണ്.

LatestDaily

Read Previous

സുധാകരന്റെ മുഖത്തും കാലുകൾക്കും പരിക്ക്

Read Next

മക്കളെയുപേക്ഷിച്ച അമ്മ ഫേസ്ബുക്ക് കാമുകനൊപ്പം പോയി