േബഡകത്തെ നടുക്കി യുവാക്കളുടെ ഇരട്ടമരണം

സ്വന്തം  ലേഖകൻ

ബേഡകം: കരിച്ചേരി പുഴയിൽ മുങ്ങി മരിച്ച യുവാക്കളുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം അവരുടെ നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകുന്നേരം 4 മണിയോടെ കരിച്ചേരി പുഴയിൽ കാണാതായ കൊല്ലം, തിരുവനന്തപുരം സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ ഏഴര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്നലെ അർദ്ധരാത്രി 11.30 മണിയോടെ കണ്ടെത്തിയത്.

ബേഡകം മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ സുഹൃത്തുക്കളായ കൊല്ലം സ്വദേശി വിജിത്ത് 23, തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി രഞ്ജു 24 എന്നിവരാണ് കരിച്ചേരി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയിൽ മുനമ്പം ഭാഗത്താണ് ഇവർ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിയത്.

സെപ്തംബർ 25 നാണ് യുവാക്കൾ വിനോദയാത്രയ്ക്കായി ജില്ലയിലെത്തിയത്.  ബേഡകം മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണു, കുമ്പളയിലെ അബ്ദുൾ സിനാൻ, തിരുവനന്തപുരത്തെ വൈശാഖ്, പരവനടുക്കത്തെ വിഷ്ണു എന്നിവരടങ്ങുന്ന സുഹൃദ്സംഘം ഗോവയിൽ ടൂർ കഴിഞ്ഞ ശേഷം ഇന്നലെ യാണ് റാണിപുരത്തെത്തിയത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയ യുവാക്കൾ കുളി കഴിഞ്ഞ് വൈകുന്നേരത്തെ മലബാർ എക്സ്പ്രസ്സിന് നാട്ടിലേക്ക് തിരികെ പോകാനിരുന്നതായിരുന്നു. ബേഡകം പോലീസ്, ഫയർഫോഴ്സ്, മേൽപ്പറമ്പ് പോലീസ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്  ജഡങ്ങൾ കണ്ടെത്തിയത്.

LatestDaily

Read Previous

കാസര്‍കോട്ടെ റാഗിങ്ങ് ; മന്ത്രി റിപ്പോർട്ടാവശ്യപ്പെട്ടു

Read Next

യുവനടിമാര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പോലീസ്