ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനുവേണ്ടി മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷിയെ ലക്ഷങ്ങൾ വാഗ്ദാനം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടർന്ന് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ബേക്കൽ പൊലീസ് കളമശ്ശേരി എറണാകുളം ജില്ലാ ജയിലിൽ അന്വേഷണം നടത്തി.
കേസിന്റെ പ്രാഥമികാന്വേഷണം പൂർത്തിയായതായി പോലീസ് വ്യക്തമാക്കി.
ബേക്കൽ തൃക്കണ്ണാട് മലാംകുന്നിൽ താമസിക്കുന്ന വിപിൻലാലിന്റെ പരാതിയിലാണ് കഴിഞ്ഞ മാസം അവസാന വാരം, ദിലീപിന്റെ സഹായികളെന്ന് കരുതുന്ന അജ്ഞാത സംഘങ്ങൾക്കെതിരെ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കാസർകോട്ടെ പ്രമുഖ ജ്വല്ലറിയിൽ ജീവനക്കാരനായ വിപിൻലാലിന്റെ മാതുലനെ ജ്വല്ലറിയിലെത്തിയ സംഘം, ഭീഷണിപ്പെടുത്തിയിരുന്നു.ദിലീപിനെതിരായ മൊഴി, കോടതിയിൽ മാറ്റിപ്പറയണമെന്നും പണമുൾപ്പെടെ എന്ത് സഹായവും നൽകാമെന്നും വാഗ്ദാനം ചെയ്ത ശേഷം മൊഴി മാറ്റാൻ തയ്യാറായില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവം നടന്ന ജ്വല്ലറിയിലെ സിസിടിവി ക്യാമറ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം വിഫലമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പോലീസ് കളമശ്ശേരി ജയിലലെത്തിയത്.
ഈ കേസിൽ പരാതിക്കാരനായ വിപിൻലാൽ സംഭവ സമയത്ത് കളമശ്ശേരി ജയിലിൽ, ഒരു ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
വിപിൻലാൽ തടവു ശിഷ അനുഭവിച്ച് വരുന്നതിനിടയിലാണ് എറണാകുളത്ത് നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതികളായ സുനിൽ കുമാർ അടക്കമുള്ളവർ ജയിലിലെത്തിയത്.
വിപിൻലാൽ, സുനിൽകുമാറിനടക്കം കത്തെഴുതി കൊടുത്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത കത്ത് ദിലീപിനുവേണ്ടിയാണോ എഴുതിയതെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. വിപിൻലാലിനൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരിൽ നിന്നും, സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാരിൽ നിന്നുമടക്കം പോലീസ് തെളിവുകൾ ശേഖരിച്ചു.