രക്ഷിതാവ് ചമഞ്ഞ് വൈദ്യ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ ജയിലിൽ

സ്കൂൾ പഠനകാലം മുതൽ ലൈംഗീക പീഡനം:  ദൃശ്യങ്ങൾ പകർത്തി  ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തൽ

സ്വന്തം ലേഖകൻ

തലശ്ശേരി: നഗരത്തിലെ ഒരു മെഡിക്കൽ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ചുവർഷമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഹിന്ദി അധ്യാപകനെ വയനാട് അമ്പലവയലിനടുത്ത്  തലശ്ശേരി ഇൻസ്പക്ടർ എം.അനിൽ പിടികൂടി. അമ്പലവയൽ വടുവഞ്ചാലിലെ കൂടിക്കലയം വീട്ടിൽ സുരേഷ് ബാബുവാണ് 39,  പിടിയിലായത്.  ഇയാളെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതി റിമാന്റ് ചെയ്തു. ഇപ്പോൾ പരാതി പറയുന്ന വിദ്യാർത്ഥിനിയുടെ ക്ലാസ് ടീച്ചറാണ് കുറ്റാരോപിതനായ സുരേഷ് ബാബു.

പത്താംതരത്തിൽ പഠിക്കുന്ന വേളയിൽ തന്നെ പീഡനം ആരംഭിച്ചിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് പോക്സോ വകുപ്പിൽ മറ്റൊരു കേസും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.  കൂടുതൽ നടപടിക്കായി പ്രസ്തുത കേസ് അമ്പലവയൽ പോലിസിന് കൈമാറി. നേരത്തെ സ്ക്കൂളിൽ പഠിപ്പിച്ച പരിചയം മുതലെടുത്താണ് ഇയാൾ വിദ്യാർത്ഥിനിയെ വീണ്ടും വീണ്ടും ബലാത്സംഗത്തിനിട്ടും, വയനാട് അമ്പല വയലിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇതിന്റെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാനും തുടങ്ങി.  മെഡിക്കൽ സ്ഥാപനത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വയനാട്ടിൽ നിന്നും തലശ്ശേരിയിലെ സ്ഥാപനത്തിൽ കൊണ്ടുവിടുന്നതും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതും ഈ അധ്യാപകനാണ്. മെഡിക്കൽ സ്ഥാപനത്തിലും ഹോസ്റ്റലിലും രക്ഷകർത്താവായാണ് ഇയാളുടെ പേരുള്ളത്. അവധി ദിവസങ്ങളിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുമ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു.

വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം വെളിപ്പെട്ടത്. പോലീസെത്തി മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തിരുന്നത്.  അധ്യാപകന് ഭാര്യയും രണ്ട് മക്കളുമുണ്ട്

LatestDaily

Read Previous

പിഎഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

Read Next

പോപ്പുലര്‍ ഫ്രണ്ട് നിരോധനം പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ള നിരോധനം: അസദുദ്ദീൻ ഒവൈസി